വ്യോമസേനയ്ക്കായി 62 വര്‍ഷം സേവനം; മിഗിന്റെ അവസാന 'പ്രവൃത്തിദിനം' കഴിഞ്ഞു, ഇനി വിടവാങ്ങല്‍

ബികാനേര്‍ (രാജസ്ഥാന്‍): വികാരഭരിതമായിരുന്നു ബികാനേറിലെ നാല്‍ വ്യോമതാവളത്തിലെ രംഗങ്ങള്‍. 62 വര്‍ഷം ഇന്ത്യന്‍ വ്യോമസേനയെ സേവിച്ച മിഗ്-21ന്റെ അവസാന 'പ്രവൃത്തിദിനം.' എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ് തന്നെ മിഗ്-21ന്റെ അവസാന ഔദ്യോഗികപറക്കലില്‍ പൈലറ്റായി. നാലില്‍ ഈ മാസം 18-നും 19-നുമായിരുന്നു അത്.
''1960-കളില്‍ വ്യോമസേനയിലെത്തിയപ്പോഴേ ഒരു പണിക്കുതിരയെപ്പോലെയായിരുന്നു മിഗ്-21. അത് അങ്ങനെത്തന്നെ തുടര്‍ന്നു. 1985-ലാണ് എന്റെ ആദ്യത്തെ മിഗ്-21 അനുഭവം. അന്ന് തേജ്പുരില്‍ മിഗ്ഗിന്റെ ടൈപ്പ്-77 ഞാന്‍ പറത്തി. പറപ്പിക്കാന്‍ സുഖമുള്ള ഗംഭീരവിമാനമാണത്. അതു പറത്തിയവര്‍ക്കെല്ലാം മിഗിന്റെ നഷ്ടം അനുഭവപ്പെടും'' -സിങ് പറഞ്ഞു.
വ്യോമസേനാ വക്താവ് വിങ് കമാന്‍ഡര്‍ ജയ്ദീപ് സിങ് യുദ്ധമുന്നണിയില്‍ മിഗ്-21 നല്‍കിയ ചരിത്രസംഭാവനകള്‍ അനുസ്മരിച്ചു. '1965-ലെയും '71-ലെയും യുദ്ധത്തില്‍ തിളങ്ങുന്നപ്രകടനമാണ് ആ വിമാനം നടത്തിയത്. 1999-ല്‍ കാര്‍ഗിലില്‍ മിഗിന്റെ പ്രകടനം നാം കണ്ടു. ഇന്ത്യയില്‍ കടന്നുകയറിയ പാക് അറ്റ്ലാന്റിക് വിമാനം അതു വെടിവെച്ചിട്ടു. 2019-ല്‍ എഫ്-16നെ വീഴ്ത്തി വാര്‍ത്തകളില്‍നിറഞ്ഞു.''
36 മിഗ് വിമാനങ്ങളാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. സെപ്റ്റംബര്‍ 26-ന് ചണ്ഡീഗഢില്‍നടക്കുന്ന ചടങ്ങില്‍ അവയ്ക്ക് സേന ഔദ്യോഗികയാത്രയയപ്പുനല്‍കും. റഷ്യന്‍നിര്‍മിത മിഗിന്റെ സ്ഥാനം ഇന്ത്യ സ്വന്തമായി വികസിപ്പിച്ച തേജസ് ഏറ്റെടുക്കും.
ബോളിവുഡിലേക്ക് ഒരു പറക്കല്‍
നാലിലെ വ്യോമസേനാ താവളം ഓഗസ്റ്റ് 18-നും 19-നും പതിവിനു വിപരീതമായി താരപരിവേഷത്തിലായിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ 'ലവ് ആന്‍ഡ് വാറി'നായി മിഗ്-21 ആ ദിവസങ്ങളില്‍ പറന്നു. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിക്കി കൗശലും അഭിനയിക്കുന്ന സിനിമയുടെ ഇതിവൃത്തം പുറത്തായിട്ടില്ല. എന്നാല്‍, യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ത്രികോണ പ്രണയകഥയാണെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Indian Air Force bids farewell to MiG-21 after 62 years.