ബംഗ്ലാദേശികളുടെ അനധികൃത കുടിയേറ്റം; കർശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ന്യൂഡല്‍ഹി: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കേസുകളില്‍ സമഗ്ര അന്വേഷണം വേണമെന്ന് സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ബംഗ്ലാദേശി കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട കേസുകള്‍ ഒരു കുടക്കീഴിലാക്കി അന്വേഷിക്കാനാണ് നിര്‍ദേശം. ഇന്ത്യന്‍ പൗരത്വവുമായി ബന്ധപ്പെട്ട ആധാറും മറ്റ് രേഖകളും സൃഷ്ടിക്കുന്നതിന് അനധികൃത കുടിയേറ്റക്കാരെ സഹായിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും പോകുന്നതിനായി യാത്രാ രേഖകള്‍ ശരിയാക്കുന്നതിനായി ഇന്ത്യയിലേക്ക് അനധികൃതമായി എത്തിയ ചില കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വ്യാജ രേഖകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന പഴുതുകള്‍ തിരിച്ചറിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായ എല്ലാ ആധാര്‍ കാര്‍ഡുകളും പിടിച്ചെടുത്ത് പുനഃപരിശോധനയ്ക്കായി അയക്കാനാണ് നിര്‍ദേശം. ആധാര്‍ ജനറേഷനായി സമര്‍പ്പിച്ച രേഖകളുടെ സൂക്ഷ്മപരിശോധനയും ഇതില്‍ ഉള്‍പ്പെടുന്നു. സംശയാസ്പദമായ രേഖകളുമായി ആധാറിനായി അപേക്ഷിക്കാനെത്തുന്നവരെ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കാന്‍ എല്ലാ ആധാര്‍ കേന്ദ്രങ്ങളിലേക്കും നിര്‍ദേശങ്ങള്‍ കൈമാറാനും സംസ്ഥാന സര്‍ക്കാരുകളോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2024 ജനുവരി മുതല്‍ 2025 ജനുവരി വരെ, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 2601 ബംഗ്ലാദേശി പൗരന്മാര്‍ പിടിയിലായിട്ടുണ്ട്. അനധികൃത കുടിയേറ്റ വര്‍ധിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: MHA seeks umbrella probe in cases of illegal Bangladeshi nationals