വിബി ജി റാംജി; തൊഴിലുറപ്പ് പദ്ധതിയിൽ വൻ കൊഴിഞ്ഞുപോക്ക്, 67.6 ലക്ഷം രജിസ്റ്റേഡ് തൊഴിലാളികൾ പുറത്ത്

ന്യൂഡൽഹി: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷനി(വിബി ജി റാംജി)ലേക്കുള്ള മാറ്റത്തിനിടെ ജൂൺ 29-നും ജൂലായ് 15-നുമിടയിൽ കൊഴിഞ്ഞുപോയ രജിസ്റ്റേഡ് തൊഴിലാളികൾ 67.6 ലക്ഷം.
കഴിഞ്ഞ മൂന്നുവർഷം സ്ഥിരമായി പദ്ധതിയുടെ ഭാഗമായിത്തുടരുന്ന 26.3 ലക്ഷം പേരും ഇതിൽ ഉൾപ്പെടുന്നു. കൊഴിഞ്ഞുപോക്ക് കൂടുതലും ബിഹാർ, ഉത്തർപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നാണ്. സാങ്കേതികപരിശോധന കർശനമാക്കിയത് ഉത്തരേന്ത്യയിലടക്കം ദരിദ്രഗ്രാമീണരെ പദ്ധതിയിൽനിന്ന് അകറ്റുകയാണെന്ന് തൊഴിലുറപ്പുപദ്ധതിയെപ്പറ്റി ആധികാരികപഠനം നടത്തുന്ന എൻജിനിയർമാരുടെയും സാമൂഹികപ്രവർത്തകരുടെയും കൂട്ടായ്മയായ ലിബ്‌ടെക് ഇന്ത്യയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇ-കെ.വൈ.സിയുടെ ഭാഗമായി മുഖം തിരിച്ചറിയൽ പരിശോധനകൂടി ഇക്കൊല്ലം ജനുവരിമുതൽ കർശനമാക്കിയത് പല തൊഴിലാളികളെയും അകറ്റി. പുതിയ ഗ്രാമീൺ റോസ്ഗാർ ഗാരന്റി കാർഡുകൾ അനുവദിക്കുന്നത് വരെ ഇ-കെ.വൈ.സി പൂർത്തിയാക്കിയ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി കാർഡുകൾ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു നൽകിയിരുന്നു. ഇ-കെ.വൈ.സി പൂർത്തിയായിട്ടില്ലെന്ന കാരണത്താൽ തൊഴിൽ നിഷേധിക്കില്ലെന്നും പറഞ്ഞു. എന്നാൽ, ഇ-കെ.വൈ.സി.യും മുഖം തിരിച്ചറിയൽ പ്രക്രിയയും പൂർത്തിയാക്കാത്ത തൊഴിലാളികൾ കൂട്ടത്തോടെ തള്ളപ്പെട്ടുവെന്ന് ഫീൽഡ് പരിശോധനയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട് പറയുന്നു.
തൊഴിലാളികളുടെ എണ്ണം കുറയ്ക്കൽ ലക്ഷ്യമല്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴാണ് ഈ കൊഴിഞ്ഞുപോക്ക്.
Content Highlights: Reports reveal 6.76 million workers removed from MGNREGA during the VB G RAMJI transition.