പണിയും പണവും ഉറപ്പില്ല; 'തൊഴിലുറപ്പി'ൽ തൊഴിലാളികൾ കൂടിയെങ്കിലും തൊഴിലില്ല, 100 ദിവസം പണികിട്ടിയവർ 7%

ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികളുടെ എണ്ണം കൂടിയെങ്കിലും ആവശ്യത്തിന് തൊഴില്‍ കിട്ടാനില്ല. ബജറ്റ് വിഹിതം കുറഞ്ഞതും വേതനം വന്‍തോതില്‍ കുടിശ്ശികയാവുന്നതും കാരണം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിനാകുന്നില്ല. രജിസ്റ്റര്‍ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം കൂടുന്നതിലൂടെ ഗ്രാമീണദരിദ്രരുടെ വര്‍ധനയാണ് വ്യക്തമാകുന്നത്. ലിബ്ടെക് ഇന്ത്യ എന്ന സ്വതന്ത്ര ഏജന്‍സി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
കേരളത്തില്‍ 8.7 ശതമാനം വ്യക്തിഗത തൊഴില്‍ദിനങ്ങള്‍ കുറഞ്ഞു. 2022-23ല്‍ പദ്ധതിക്കുള്ള ബജറ്റ് വിഹിതം 2.64ലക്ഷം കോടിയാക്കാന്‍ കേന്ദ്രസര്‍ക്കാരിന് വിദഗ്ധനിര്‍ദേശമുണ്ടായിട്ടും കഴിഞ്ഞ ബജറ്റിലും വിഹിതം 86000 കോടി രൂപയായിരുന്നു. 15 ദിവസത്തിനകം വേതനം കൊടുത്തുതീര്‍ക്കണമെങ്കിലും മിക്ക സംസ്ഥാനത്തും കുടിശ്ശിക മൂന്നുമാസമോ അതിലധികമോ ആണ്..
തൊഴിലാളികളുടെ വര്‍ധന
2024-25ല്‍ പദ്ധതിയില്‍ രജിസ്റ്റര്‍ചെയ്ത തൊഴിലാളികളുടെ എണ്ണത്തില്‍ 8.6 ശതമാനമാണ് വര്‍ധന. 2023-24ല്‍ 13.8 കോടിയായിരുന്നത് 2024-25ല്‍ 14.98 കോടിയായി. മറ്റ് തൊഴിലുകളില്ലാത്തതാണ് രജിസ്ട്രേഷന്‍ കൂടാന്‍ കാരണം. എന്നാല്‍, തൊഴില്‍ ലഭിച്ചവരുടെ എണ്ണം 5.51 കോടിയില്‍നിന്ന് 5.35 കോടിയായി കുറഞ്ഞു. 2.9 ശതമാനം ഇടിവ്.
100 ദിവസം തൊഴിലുറപ്പിക്കാനായവര്‍ ഏഴുശതമാനമാണ്. 2023-24ല്‍ ഇത് 7.6 ശതമാനമായിരുന്നു. 2023-24ല്‍ 42 ലക്ഷം പേര്‍ക്ക് നൂറുദിവസം തൊഴില്‍ലഭ്യത ഉറപ്പായെങ്കില്‍ 2024-25ല്‍ 37 ലക്ഷം പേര്‍ക്കുമാത്രം. 11.9 ശതമാനം ഇടിവ്. .
ഏറ്റവും കുറവ് ഒഡിഷയില്‍
വ്യക്തിഗത തൊഴില്‍ദിനങ്ങള്‍ ഏറ്റവും കുറഞ്ഞത് ഒഡിഷ (34.8%), തമിഴ്നാട് (25.1%), രാജസ്ഥാന്‍ (15.9%) സംസ്ഥാനങ്ങള്‍. ഇതില്‍ ആറാം സ്ഥാനത്താണ് കേരളം
കൊഴിഞ്ഞുപോക്ക് മാറി
2022-ല്‍ 5.4 കോടിയും 2023-ല്‍ 2.37 കോടിയും പേര്‍ കൊഴിഞ്ഞു. പുതുതായി ചേര്‍ക്കപ്പെട്ടത് യഥാക്രമം 97 ലക്ഷവും 95 ലക്ഷവുംമാത്രം. എന്നാല്‍ 2024-25ന്റെ രണ്ടാംപകുതിയില്‍ തൊഴിലാളി കൊഴിഞ്ഞുപോക്കിന് തടയിടാനും റദ്ദായ തൊഴില്‍കാര്‍ഡുകള്‍ പുനഃസ്ഥാപിക്കാനുമായി.
Content Highlights: mgnrega rising unemployment despite increased registrations