മേഘാലയയില്‍ കാര്യങ്ങള്‍ എന്‍.പി.പി. തീരുമാനിക്കും; തിളങ്ങാതെ ബി.ജെ.പിയും തൃണമൂലും

ഷില്ലോങ്: മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുത്തുതെളിയിച്ച് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി.). 60 അംഗ നിയമസഭയിലെ 59 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 27 മണ്ഡലങ്ങളില്‍ എന്‍.പി.പി. ആധിപത്യം പുലര്‍ത്തുകയാണ്. കേവലഭൂരിപക്ഷത്തിനോട് അടുത്തുനില്‍ക്കുന്ന എന്‍.പി.പിയുമായി ചേര്‍ന്ന് ബി.ജെ.പി. സഖ്യസര്‍ക്കാര്‍ രൂപവത്കരിക്കാനാണ് സാധ്യത. മുഴുവന്‍ സീറ്റുകളിലും തനിച്ച് മത്സരിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല. 2018-ല്‍ രണ്ടു സീറ്റിലാണ് ബി.ജെ.പി. വിജയിച്ചത്. ഇക്കുറി നാല് സീറ്റിലാണ് അവര്‍ മുന്നേറുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോണ്‍ഗ്രസ്, ദയനീയ പ്രകടനാണ് ഇത്തവണ കാഴ്ചവെച്ചത്. 2018-ല്‍ 21 സീറ്റ് നേടിയ കോണ്‍ഗ്രസ് വെറും അഞ്ച് സീറ്റിലാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ഒരു പറ്റം എംഎല്‍എമാര്‍ പലപ്പോഴായി ബിജെപിയില്‍ ചേക്കേറി. ശേഷിക്കുന്ന എംഎല്‍എമാരുമായി മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ കോണ്‍ഗ്രസ് വിട്ട് തൃണമൂലിലേക്കും പോയി. അതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ തിരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ സഭയില്‍ ഒറ്റ എംഎല്‍എ പോലുമില്ലാതിരുന്നു.
മേഘാലയ പി.സി.സി. അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ വിന്‍സെന്റ് എച്ച്. പാല സുത്ങ-സായ്പങ് മണ്ഡലത്തില്‍ പരാജയപ്പെട്ടു. എന്‍.പി.പിയുടെ സാന്റാ മേരി ഷൈല്ലയാണ് വിന്‍സെന്റിനെ പരാജയപ്പെടുത്തിയത്.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ 15 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്തിരുന്നു. പശ്ചിമ ബെംഗാളിന് പുറമേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കളം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ മേഘാലയയില്‍ ഇറങ്ങിയ തൃണമൂല്‍ ആറ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
2018-ല്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും തിരഞ്ഞെടുപ്പിന് പിന്നാലെ രൂപംകൊണ്ട മേഘാലയ ഡെമോക്രാറ്റിക് അലയന്‍സാണ് ഭരണംപിടിച്ചെടുത്തത്. എന്‍.പി.പിയ്ക്കും ബി.ജെ.പിയിക്കും പുറമേ യു.ഡി.പി.,പി.ഡി.എഫ്., എച്ച്.എസ്.പി.ഡി.പി. തുടങ്ങിയവരായിരുന്നു സഖ്യത്തിലെ പ്രധാന കക്ഷികള്‍. കഴിഞ്ഞ തവണ ആറ് സീറ്റുകളിലാണ് യു.ഡി.പി. വിജയിച്ചത്. ഇത്തവണയും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആറു മണ്ഡലങ്ങളില്‍ യു.ഡി.പി. ലീഡ് ചെയ്യുകയാണ്.
സൗത്ത് തുറ മണ്ഡലത്തില്‍ കോണ്‍റാഡ് സാങ്മ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിന്റെ സാലേങ് സാങ്മ ഗാംബേഗ്രെ മണ്ഡലത്തില്‍നിന്ന് വിജയിച്ചു. യു.ഡി.പി. സ്ഥാനാര്‍ഥിയും നിയമസഭാ സ്പീക്കറുമായിരുന്ന മെത്ബാ ലിങ്‌ദോ മേയ്‌രാങ് സീറ്റില്‍നിന്ന് വിജയിച്ചു. അതേസമയം മുന്‍മന്ത്രി ബ്രോള്‍ഡിങ് നോങ്‌സീജ് എച്ച്.എസ്.പി.ഡി.പിയുടെ ഷക്‌ലിയാര്‍ വര്‍ജ്രിയോടു പരാജയപ്പെട്ടു.
എന്‍.പി.പി. മുഖ്യകക്ഷിയായ എന്‍.ഡി.എ. സഖ്യകക്ഷി രൂപവത്കരിക്കപ്പെടാനാണ് സാധ്യത. സഖ്യത്തില്‍നിന്ന് മാറി ഒറ്റയ്ക്ക് മുഴുവന്‍ സീറ്റിലും മത്സരിച്ച ബി.ജെ.പിയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നായിരുന്നു എക്‌സിറ്റ് പോളുകളുടെ പ്രവചനം. എന്നാല്‍ അത് സാധ്യമായില്ല.
Content Highlights: meghalaya assembly polls npp bjp tmc