മേഘാലയയില്‍ NPP കുതിപ്പ്; NDA സര്‍ക്കാരിന് സാധ്യത, ഒറ്റയ്ക്ക് മത്സരിച്ചിട്ടും നേട്ടമില്ലാതെ ബിജെപി

മേഘാലയ പോളിങ് ദിനത്തില്‍നിന്ന് | Photo: ANI
മേഘാലയ പോളിങ് ദിനത്തില്‍നിന്ന് | Photo: ANI

ഷില്ലോങ്: അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ മേഘാലയയില്‍ ബിജെപി സഖ്യമായ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് (എം.ഡി.എ.) വീണ്ടും അധികാരത്തിലേക്ക്‌. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ എന്‍.പി.പി. 26 സീറ്റുകളിലും ബി.ജെ.പി. നാല്‌ സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. 

അറുപതംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടത്‌. 2018 നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യമുണ്ടാക്കി എന്‍പിപിയും യുഡിപിയും ബിജെപിയും എല്ലാം ചേര്‍ന്ന സര്‍ക്കാരാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിനെ മറികടന്ന് സര്‍ക്കാരുണ്ടാക്കിയത്‌. ഇക്കുറി എന്‍.പി.പിയും ബി.ജെ.പിയും തനിച്ചാണ് മത്സരരംഗത്തിറങ്ങിയത്.

മേഘാലയയിലും സാന്നിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ മത്സരിക്കാനിറങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് ഏഴിടത്ത് ലീഡ് ചെയ്യുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് നാലിടത്തുമാത്രമാണ്‌ മുന്നിട്ടുനില്‍ക്കുന്നത്. 

എന്‍ .ഡി.എയുടെ ഭാഗമായിരുന്ന യു.ഡി.പി. ഒന്‍പതിടത്തും ലീഡ് ചെയ്യുന്നുണ്ട്. വി.പി.പി. മൂന്നിടത്തും പി.ഡി.എഫ്. രണ്ടിടത്തും ലീഡ് ചെയ്യുന്നു. 

2018-ല്‍ ബി.ജെ.പിയ്ക്ക് വിജയിക്കാന്‍ സാധിച്ചത് രണ്ടു സീറ്റില്‍ മാത്രമായിരുന്നു. സീറ്റിന്റെ എണ്ണം രണ്ടക്കം കടത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കളത്തിലിറങ്ങിയതെങ്കിലും അതിന് സാധിക്കാത്ത ബി.ജെ.പിയെയാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ കാണാനാകുന്നത്. 

ആദ്യഘട്ടത്തിലെ ലീഡ് നിലകള്‍ ഇക്കുറിയും മേഘാലയയില്‍ എന്‍.ഡി.എയുടെ സഖ്യസര്‍ക്കാരിന് കളമൊരുക്കുമെന്നാണ് സൂചന. 

Content Highlights: meghalaya assembly polls bjp npp perfomances likely to form nda government