‘തെറ്റിദ്ധരിപ്പിക്കുന്നത്’; CJP പ്രതിഷേധത്തിൽ വിദേശഫണ്ടിങ്, വൈറൽപ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തിയ പ്രതിഷേധങ്ങൾക്ക് വിദേശ സഹായം (foreign funding) ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങളെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ രൺധീർ ജയ്‌സ്‌വാളിന്റെ പേരിൽ വൈറലാകുന്ന പ്രസ്താവന തള്ളി വിദേശകാര്യ മന്ത്രാലയം. മന്ത്രാലയ വക്താവായ ജയ്‌സ്‌വാളിന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളെ തിരുത്തി മന്ത്രാലയത്തിന്റെ ഫാക്ട്-ചെക്ക് വിഭാഗം എക്‌സിൽ പുതിയ പോസ്റ്റ് പങ്കുവെച്ചു.
സിജെപിക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞു എന്ന തരത്തിൽ വൈറലാകുന്ന പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മന്ത്രാലയം ഞായറാഴ്ച വ്യക്തമാക്കി. മന്ത്രാലയത്തിന്റെ വാർത്താസമ്മേളനത്തിൽ അദ്ദേഹം നടത്തിയ യഥാർത്ഥ പ്രസ്താവനയെ തെറ്റായി വ്യാഖാനിച്ചുകൊണ്ടാണ് ഈ പ്രചാരണം നടന്നിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
'സി.ജെ.പി പ്രതിഷേധത്തിന്റെ ഫണ്ടിങ്ങിനെക്കുറിച്ച് പലതവണ എന്നോട് ചോദിച്ചിട്ടുണ്ട്. ഞങ്ങളുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ ഇതിൽ വിദേശ ഫണ്ടിങ്ങ് ഇല്ല എന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു.' എന്ന് ജയ്‌സ്‌വാൾ പറഞ്ഞു എന്നായിരുന്നു വൈറൽ പോസ്റ്റുകളിലെ അവകാശവാദം. 'ഈ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതും വക്താവിന്റെ പ്രസ്താവനയെ തെറ്റായി അവതരിപ്പിക്കുന്നതുമാണ്' എന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.
വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ; മധു, നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിദേശ ഫണ്ടിങ് ആരോപണങ്ങളെക്കുറിച്ചും മറ്റ് സമാനമായ അവകാശവാദങ്ങളെക്കുറിച്ചും നിങ്ങൾ ഉന്നയിച്ച കാര്യത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത്, ഈ വിഷയത്തിൽ ഇപ്പോൾ നിങ്ങളുമായി പങ്കുവെക്കാൻ എന്റെ പക്കൽ വിവരങ്ങളൊന്നുമില്ല.' എന്നാണ് ജയ്‌സ്‌വാൾ നൽകിയ യഥാർത്ഥ മറുപടിയെന്ന് ഫാക്റ്റ് ചെക്ക് യൂണിറ്റ് ചൂണ്ടിക്കാട്ടി.
വക്താവ് ഒരിക്കലും നടത്താത്ത പ്രസ്താവന അദ്ദേഹത്തിന്റേതെന്ന പേരിൽ പ്രചരിപ്പിച്ചുകൊണ്ട് വൈറൽ പോസ്റ്റ് അദ്ദേഹത്തിന്റെ വാക്കുകളെ തെറ്റായി അവതരിപ്പിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആ വിഷയത്തിൽ തന്റെ പക്കൽ വിവരങ്ങളൊന്നുമില്ല എന്ന് മാത്രമാണ് അദ്ദേഹം ഔദ്യോഗികമായി പ്രതികരിച്ചതെന്ന് മന്ത്രാലയം ആവർത്തിച്ചു.
പരീക്ഷാ വിവാദത്തെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് അഭിജീത് ദിപ്‌കെയുടെ നേതൃത്വത്തിൽ സിജെപി നടത്തിയ ഈ പ്രതിഷേധം 37 ദിവസമാണ് നീണ്ടുനിന്നത്. പിന്നാലെ, ശനിയാഴ്ച ഉച്ചയോടെയാണ് പ്രധാൻ രാജിവെച്ചത്. ഇതോടെയാണ് സമരം അവസാനിച്ചത്. നിലവിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല ഇപ്പോൾ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കാണ് നൽകിയിരിക്കുന്നത്.
Content Highlights: MEA officially flagged a viral social media post as misleading. Spokesperson Randhir Jaiswal did not confirm or deny foreign funding. The CJP protest concluded following the resignation of Education Minister Dharmendra Pradhan. The protests were linked to the NEET-UG 2026 paper leak controversy.