മണിപ്പുര്‍: യുവതികളെ നഗ്നരാക്കി നടത്തിയ അതേദിവസം 2 സ്ത്രീകളെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി

മണിപ്പുരില്‍ സംഘര്‍ഷത്തിനിടെ അക്രമികള്‍ ഒരു ഗോഡൗണിന് തീയിട്ടപ്പോള്‍ |ഫോട്ടോ:PTI
മണിപ്പുരില്‍ സംഘര്‍ഷത്തിനിടെ അക്രമികള്‍ ഒരു ഗോഡൗണിന് തീയിട്ടപ്പോള്‍ |ഫോട്ടോ:PTI

ഇംഫാല്‍: വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയ മണിപ്പുരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം ജോലിസ്ഥലത്തുനിന്ന് വലിച്ചിറക്കി കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിയ മെയ് നാലിന് തന്നെയാണ് ഈ സംഭവവും നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയാണ് കൂട്ടബലാത്സംഗവും കൊലപാതകവും നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ക്രൂരമായ അതിക്രമത്തിന് ഇരയായ സ്ത്രീകളെ പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് അവരുടെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. പിറ്റേദിവസം ആശുപത്രിയില്‍ചെന്ന് അന്വേഷിച്ചപ്പോള്‍ അവര്‍ മരിച്ചുവെന്ന വിവരമാണ് ലഭിച്ചതെന്നും സുഹൃത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കാങ്‌പോക്പി സ്വദേശിനികളായ 21 ഉം 24 ഉം വയസുള്ള യുവതികളാണ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഇംഫാലിലെ കാര്‍വാഷ് സ്ഥാപനത്തിലായിരുന്നു ഇവര്‍ക്ക് ജോലി. അവിടെനിന്ന് വലിച്ചിറക്കിയാണ് യുവതികളെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് വിവരം. യുവതികളെ നഗ്നരാക്കി നടത്തിയ കേസിലുണ്ടായ അലംഭാവം പോലീസിന്റെ ഭാഗത്തുനിന്ന് ഈ കേസിലുണ്ടായി എന്നതാണ് ഞെട്ടിപ്പിക്കുന്നത്.

ഈ കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് ഇംഫാല്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുന്നതിന് ഒരു മാസത്തിലധികം കാലതാമസം വന്നു. കേസില്‍ ഇതുവരെ ആറെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

മെയ് 16 -ന് പോലീസ് എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പ്രതികള്‍ ആരാണെന്ന് എഫ്‌.ഐ.ആറില്‍ ഇല്ല. കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മ നല്‍കിയ പരാതിയില്‍ കൊലപാതകത്തിനും ബലാത്സംഗത്തിനും തട്ടിക്കൊണ്ടു പോകലിനുമാണ് കേസെടുത്തിട്ടുള്ളത്. നൂറോളം പേര്‍ ഉള്‍പ്പെട്ട സംഘമാണ് യുവതികളെ കൂട്ടബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തതെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്ന സ്ഥലത്തെ പോലീസ് സ്‌റ്റേഷനിലേക്ക് എഫ്‌.ഐ.ആര്‍. കൈമാറിയത് ജൂണ്‍ 13-ന് മാത്രമാണ്.

യുവതികളുടെ മൃതദേഹങ്ങളുടെ ഫോട്ടോ പോലീസ് കുടുംബത്തെ കാണിക്കുകയും അവര്‍ യുവതികളെ തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടടക്കം ലഭിച്ചിട്ടില്ല എന്നാണ് യുവതികളുടെ ബന്ധുക്കള്‍ പറയുന്നത്. കാര്‍വാഷ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതികള്‍ വാടകയ്‌ക്കെടുത്ത താമസസ്ഥലത്ത് ഒന്നിച്ചാണ് താമസിച്ചിരുന്നത്.

മണിപ്പുരില്‍ സംഘര്‍ഷത്തിനിടെ രണ്ട് യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് അതേദിവസംതന്നെ രണ്ട് യുവതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടുവെന്ന വെളിപ്പെടുത്തല്‍.

Content Highlights: Manipur violence two gang raped killed on may 4