മണിപ്പൂരിൽ വീണ്ടും സംഘർഷം; നാഗാ വിഭാഗത്തിൽപെട്ട രണ്ട് പേരെ വെടിവെച്ച് കൊലപ്പെടുത്തി

#ന്യൂസ് ഡെസ്ക്

സേനാപതി: മണിപ്പൂരിലെ സേനാപതി ജില്ലയിലുള്ള കാങ്‌പോക്പി തഹസീലിലെ കലൻജാങിൽ (Kalengjang) ശനിയാഴ്ചയുണ്ടായ അക്രമസംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൗവൈനാമേയി (Chowainamei) ഗ്രാമത്തിൽനിന്നുള്ള റോക്കി മാവോ, ലായി ഷിറാഫി (Laii Shirafii) സ്വദേശിയായ കുമാർ പൗമായി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട രണ്ടുപേരും നാഗാ വിഭാഗത്തിൽപെട്ടവരാണ്.

നാഗാ സമുദായക്കാരായ ആശിഹോ സാനി, അദാനി മാനിയോ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി സേനാപതി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കുക്കി വിഭാഗത്തിൽപെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക വൃത്തങ്ങൾ ആരോപിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപമുള്ള കാംജോങ് ജില്ലയിൽ നാല് പേർ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവം നടക്കുന്നത്. കുക്കി സായുധ സംഘങ്ങളുമായുള്ള കരാർ റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നാഗാ കൗൺസിൽ രംഗത്തുള്ള പശ്ചാത്തലത്തിലാണ് ഈ ആക്രമണം.

സംഭവത്തെ ശക്തമായി അപലപിച്ച മണിപ്പൂർ മുഖ്യമന്ത്രി യുമ്‌നം ഖേംചന്ദ് സിങ്‌ നിരപരാധികൾക്ക് നേരെ നടന്ന ഭീരുത്വം നിറഞ്ഞ ആക്രമണമാണിതെന്ന് പ്രസ്താവിച്ചു. സംഭവം നടക്കുമ്പോൾ സമീപത്തുള്ള മാവോ മേഖലയിൽ കോളേജ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

Content Highlights: Two individuals were killed and two injured in a violent incident in Kalengjang, Manipur, with local sources blaming Kuki groups for the attack.