മണിപ്പുർ കലാപം അന്വേഷിക്കുന്ന കമ്മിഷന്റെ കാലാവധി നീട്ടി; 2027 മേയ് 20-ന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കണം

ന്യൂഡൽഹി: മണിപ്പുർ കലാപം അന്വേഷിക്കുന്ന കമ്മിഷന്റെ കാലാവധി നീട്ടിനൽകി സർക്കാർ. കമ്മിഷന്റെ കാലാവധി ആറുമാസംകൂടി നീട്ടിക്കൊണ്ട് വ്യാഴാഴ്ചയാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. ഇത് ഏഴാംതവണയാണ് കാലാവധി നീട്ടുന്നത്. 2023 ജൂൺ നാലിനാണ് ജസ്റ്റിസ് ബൽബീർ സിങ് ചൗഹാന്റെ അധ്യക്ഷതയിൽ കമ്മിഷൻ രൂപീകൃതമായത്. 2027 മേയ് 20-ന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഇപ്പോഴത്തെ വിജ്ഞാപനത്തിൽ പറയുന്നത്.
കമ്മിഷന്റെ ആദ്യ അധ്യക്ഷൻ ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയായിരുന്നു. ഇദ്ദേഹത്തിന്റെ രാജിയെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ ജസ്റ്റിസ് ചൗഹാനെ അധ്യക്ഷനായി നിയമിക്കുകയായിരുന്നു.
2023 മേയ് മൂന്നിന് മണിപ്പുരിൽ വിവിധ സമുദായങ്ങൾക്കെതിരേ നടന്ന കലാപങ്ങളുടെയും അക്രമസംഭവങ്ങളുടേയും പശ്ചാത്തലവും വ്യാപനവും അന്വേഷിക്കാനാണ് കമ്മിഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അക്രമങ്ങളിലേക്ക് നയിച്ച സംഭവങ്ങൾ, ഇതുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും കൃത്യവിലോപവും അക്രമങ്ങൾ തടയുന്നതിനായി കൈക്കൊണ്ട നടപടികളുടെ പര്യാപ്തത എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി കമ്മീഷൻ പരിശോധിക്കും.
Content Highlights: The tenure of the Manipur violence inquiry commission has been extended for another six months., The commission must now submit its final report by May 20, 2027., This is the seventh time the commission's deadline has been extended since its formation in June 2023., Justice Balbir Singh Chauhan currently heads the inquiry commission.