ഇംഫാലില്‍ നാടകീയരംഗങ്ങള്‍: ബിരേന്‍ സിങ്ങിന്റെ വാഹനം തടഞ്ഞ് അനുയായികള്‍; രാജിവെക്കില്ലെന്ന് ട്വീറ്റ്

ഇംഫാല്‍: കലാപത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പുര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. രാജിക്കത്ത് കൈമാറുന്നതിനാല്‍ ഗവര്‍ണറെ കാണാന്‍ പുറപ്പെട്ട മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ജനക്കൂട്ടം തടഞ്ഞു. അദ്ദേഹത്തിന്റെ രാജിക്കത്ത് കീറിയെറിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊട്ടുപിന്നാലെ താന്‍ രാജിവെക്കുന്നില്ലെന്ന് വ്യക്തിക്കാക്കുന്ന ബീരേന്‍ സിങ്ങിന്റെ ട്വീറ്റ് പുറത്തുവന്നു.
മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ ബിരേന്‍ സിങ് രാജിവെക്കരുതെന്ന ആവശ്യവുമായി ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ വെള്ളിയാഴ്ച വൈകീട്ടോടെ നൂറുകണക്കിന് സ്ത്രീകള്‍ അണിനിരന്നിരുന്നു. ജനങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി രാജി തീരുമാനത്തില്‍നിന്ന് ബിരേന്‍ സിങ് പിന്മാറിയെന്ന റിപ്പോര്‍ട്ടുകളും അതിനിടെ പുറത്തുവന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഗവര്‍ണറെ കാണാന്‍ ബിരേന്‍ തിങ് തീരുമാനിച്ചിരുന്നെങ്കിലും, ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ നൂറുകണക്കിന് സ്ത്രീകള്‍ അടക്കമുള്ളവര്‍ അണിനിരന്നതോടെ തീരുമാനം മാറ്റിയെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന മുതിര്‍ന്ന മന്ത്രിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രിയുടെ വസതിക്ക് ചുറ്റും തടിച്ചുകൂടിയ സ്ത്രീകള്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കലാപത്തിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് സ്ത്രീകള്‍ എത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സമ്മര്‍ദം ശക്തമായതോടെയാണ് ബിരേന്‍ സിങ് രാജിക്ക് ഒരുങ്ങിയതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല.
2017 മുതല്‍ മണിപ്പുര്‍ മുഖ്യമന്ത്രിയാണ് എന്‍ ബിരേന്‍ സിങ്. കലാപത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികളടക്കം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ മണിപ്പുര്‍ സന്ദര്‍ശനം തുടരുകയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ അടക്കമുള്ളവയിലെ കാഴ്ചകള്‍ ഹൃദയഭേദകമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനിടെയാണ് മണിപ്പുര്‍ മുഖ്യമന്ത്രി രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതും ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയതും.
Content Highlights: Manipur violence CM Biren Singh Imphal residence hundreds of women