പ്രഖ്യാപിക്കുക 8500 കോടിയുടെ പദ്ധതികൾ; കലാപത്തിലെരിഞ്ഞ മണിപ്പൂർ 864 ദിവസത്തിനുശേഷം സന്ദർശിക്കാൻ മോദി

ഇംഫാൽ: വംശീയ കലാപത്തിലെരിഞ്ഞ മണിപ്പുരിൽ 864 ദിവസത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുമ്പോൾ പ്രദേശവാസികൾക്ക് പ്രതീക്ഷയേറെ. എന്നാൽ, പല കോണുകളിൽനിന്നുയരുന്ന എതിർപ്പുകളും സഘർഷാന്തരീക്ഷവും ആശങ്കയ്ക്ക് ഇടയാക്കുന്നുമുണ്ട്. സംസ്ഥാനത്തെ പ്രബലവിഭാഗമായ മെയ്ത്തി, കുക്കി വിഭാഗങ്ങളെ അനുനയിപ്പിച്ച് സമാധാനപരമായ ഭരണം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യവും മോദിയുടെ സന്ദർശനത്തിനു പിന്നിലുണ്ട്.
രാഷ്ട്രപതിഭരണത്തിനുശേഷം സ്ഥിതിഗതി കുറെയൊക്കെ ശാന്തമായെങ്കിലും പ്രശ്നങ്ങൾക്ക് പൂർണപരിഹാരമായില്ല. കഴിഞ്ഞദിവസം ചുരാചന്ദ്പുരിൽ പ്രദേശവാസികൾ ഏറ്റുമുട്ടിയത് ഇതിനുതെളിവാണ്. കുക്കി വിഭാഗക്കാരുമായുണ്ടാക്കിയ സമാധാനക്കരാർ മെയ്ത്തി വിഭാഗങ്ങൾക്കിടയിൽ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
മോദി ഹെലികോപ്ടർ ഇറങ്ങുന്ന ബിഎസ്എഫ് കേന്ദ്രത്തിന് ഏറെ അകലെയല്ലാത്ത ചുരാചന്ദ്പുരിലെ പിസുൻമുൻ ഗ്രാമത്തിലാണ് സഘർഷമുണ്ടായത്. ഇതോടെ പ്രദേശം സുരക്ഷാസേനയുടെ കർശനനിരീക്ഷണത്തിലാണ്. ആറ് നിരോധിതസംഘടനകളുൾപ്പെട്ട കോഡിനേഷൻ കമ്മിറ്റി (കോർകോം) പ്രധാനമന്ത്രിയെത്തുന്ന ശനിയാഴ്ച സമ്പൂർണ അടച്ചിടൽസമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹിയിൽനിന്നുള്ള നിയന്ത്രണം കടുപ്പിക്കാനാണ് മോദിയുടെ വരവെന്നാണ് സമരക്കാരുടെ വാദം.
കലാപത്തെത്തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ട ചിലരുമായി മോദി സംവദിച്ചേക്കും. ഇതിനുപുറമേ ഇംഫാലിൽ പൊതുചടങ്ങിലും പങ്കെടുക്കും. ചടങ്ങുകളിൽ പ്രധാനമന്ത്രി എന്തുപറയുമെന്നതിലേക്കാണ് ശ്രദ്ധ. ചുരാചന്ദ്പുരിൽ 7300 കോടി രൂപയുടെ വികസനപദ്ധതികൾക്ക് തറക്കല്ലിട്ടശേഷം മെയ്ത്തി ഭൂരിപക്ഷമേഖലയായ ഇംഫാലിലെ കാംഗ്ല കോട്ടയിൽ മോദിയെത്തും. അവിടെ 1200 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.
മെയ്ത്തി, കുക്കി വിഭാഗങ്ങളെ സമാധാനിപ്പിക്കാൻ വികസനപദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ സാധാരണനിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിലും പ്രധാനമന്ത്രിയുടെ സന്ദർശനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയൽ പറഞ്ഞു. കുക്കി സായുധഗ്രൂപ്പുകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമാധനക്കരാർ ഒപ്പിട്ടതിനെത്തുടർന്ന് പ്രധാനമന്ത്രിയുടെ വരവിനെ കുക്കി ഗോത്രവിഭാഗങ്ങൾ സ്വാഗതംചെയ്തിട്ടുണ്ട്.
അതേസമയം, മ്യാൻമാർ അതിർത്തിയിൽ വേലികെട്ടുന്നതിനെതിരേ ഈ മാസം എട്ടിന് അർധരാത്രിമുതൽ ആരംഭിച്ച ദേശീയപാതാ ഉപരോധം സർക്കാരിന്റെ അഭ്യർഥനമാനിച്ച് ശനിയാഴ്ച ഒഴിവാക്കുമെന്ന് പ്രമുഖ നാഗാ ഗ്രൂപ്പായ യുണൈറ്റഡ് നാഗ കൗൺസിൽ അറിയിച്ചു.
തീവണ്ടിസർവീസുമായി മിസോറം
ആദ്യമായി ഇന്ത്യൻ റെയിൽവേയുടെ ഭൂപടത്തിൽ ഇടംപിടിച്ച് വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറം. 51 കിലോമീറ്റർവരുന്ന ബൈറാബി-സൈരംഗ് പദ്ധതിയിലെ 34 കിലോമീറ്റർ ദൈർഘ്യമുള്ള ഹോർട്ടോക്കി-സൈരംഗ് റെയിൽപ്പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. 8071 കോടി രൂപയാണ് ചെലവ്.
പ്രധാനമന്ത്രി ചുരാചന്ദ്പുരിലും ഇംഫാലിലും ചടങ്ങുകളിൽ പങ്കെടുക്കും
രണ്ടുവർഷംമുൻപ് വംശീയകലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പുരിലെത്തുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി ചുരാചന്ദ്പുരിലും ഇംഫാലിലും ഏതാനും ചടങ്ങുകളിൽ പങ്കെടുത്ത് അസമിലേക്ക് തിരിക്കും. 2023 മേയിൽ വംശീയകലാപം തുടങ്ങിയ മണിപ്പുരിൽ 864 ദിവസങ്ങൾക്കുശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്.
കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് മോദി ആദ്യമെത്തുക. അതിനിടെ, ചുരാചന്ദ്പുരിൽ സംഘർഷമുണ്ടായത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും ഒരുസംഘം നശിപ്പിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് വഴുതിയത്. വ്യാഴാഴ്ചരാത്രിയാണ് സംഭവം. പോലീസും സുരക്ഷാസേനയുമെത്തിയാണ് അക്രമികളെ തുരത്തിയത്. കുക്കി സോ കൗൺസിൽ കഴിഞ്ഞ ദിവസം മോദിയുടെ സന്ദർശനത്തെ സ്വാഗതംചെയ്തിരുന്നു.
എന്നാൽ, കലാപത്തിൽ കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ സ്മരണയ്ക്കായി തയ്യാറാക്കിയ ‘ഓർമ്മമതിൽ’ മറച്ച് അലങ്കാരങ്ങൾ നടത്തിയതാണ് പ്രശ്നത്തിന് കാരണം. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കുക്കി ഗോത്രവിഭാഗങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, മെയ്ത്തികളിൽ വലിയൊരു വിഭാഗവും പ്രധാനമന്ത്രിയുടെ വരവിൽ തൃപ്തരല്ല. ആറ് നിരോധിത സംഘടനകളുൾപ്പെട്ട കോഡിനേഷൻ കമ്മിറ്റി (കോർകോം), പ്രധാനമന്ത്രിയെത്തുന്ന ശനിയാഴ്ച സമ്പൂർണ അടച്ചിടൽസമരം പ്രഖ്യാപിച്ചു.
Content Highlights: Prime Minister Modi Visits Manipur Amidst Ethnic Tensions and Hopes for Peace