മണിപ്പുരിലെ 20 ബി.ജെ.പി. എം.എൽ.എ.മാർ ഡൽഹിയിൽ, സർക്കാർ രൂപവത്കരണത്തിനെന്ന് സൂചന

ഇംഫാൽ: മണിപ്പുരിലെ രാഷ്ട്രപതിഭരണം ഈ മാസം 12-ന് അവസാനിക്കാനിരിക്കേ, സംസ്ഥാനത്തെ 20 ബി.ജെ.പി. എം.എൽ.എ.മാർ ഞായറാഴ്ച ഡൽഹിയിലേക്ക് തിരിച്ചെന്ന് റിപ്പോർട്ട്. സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് യാത്രയെന്നാണ് സൂചന. ഇവരെക്കൂടാതെ സഖ്യകക്ഷികളായ നാഷണൽ പീപ്പിൾസ് പാർട്ടിയുടെയും നാഗ പീപ്പിൾസ് ഫ്രണ്ടിന്റെയും എം.എൽ.എ.മാരും ഒപ്പമുണ്ടെന്നാണ് വിവരം. മണിപ്പുർ ബി.ജെ.പി. അധ്യക്ഷ എ. ശാരദാദേവിയും ഡൽഹിയിലെത്തിയിട്ടുണ്ട്.
ബി.ജെ.പി.യുടെ വടക്കുകിഴക്കൻസംസ്ഥാനങ്ങളുടെ ചുമതലയുള്ള സാംബിത്ത് പത്ര തിങ്കളാഴ്ച ഇവരുമായി കൂടിക്കാഴ്ച നടത്തിയേക്കും. സർക്കാർ രൂപവത്കരണമാണ് പ്രധാന അജൻഡയെന്നും മുഖ്യമന്ത്രിസ്ഥാനത്തേക്ക് കേന്ദ്രനേതൃത്വം തീരുമാനിക്കുന്ന ഏതുനേതാവിനെയും അംഗീകരിക്കുമെന്നും ബി.ജെ.പി. എം.എൽഎ. സൊറോഖായ്ബാം രാജൻ വിമാനത്താവളത്തിൽവെച്ച് പറഞ്ഞു. ആഭ്യന്തരകലാപം രൂക്ഷമായതോടെ 2025 ഫെബ്രുവരി 13-നാണ് മണിപ്പുരിൽ രാഷ്ട്രപതിഭരണം നിലവിൽവന്നത്. പിന്നീട് ആറുമാസത്തേക്കുകൂടി അത് നീട്ടുകയായിരുന്നു.
Content Highlights: Manipur BJP MLAs, along with allies, travel to Delhi for government formation discussions as President`s Rule nears its end. Get the latest updates.