നമ്മൾ മാത്രമാണ് പറയുന്നത്; പഹൽഗാം ആക്രമണത്തിൽ പാകിസ്താന്റെ പങ്കിന് തെളിവില്ലെന്ന് മണിശങ്കർ അയ്യർ

ന്യൂഡൽഹി: ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താൻ തന്നെയോ എന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഇതിന് യാതൊരു തെളിവുമില്ലെന്നും ഇന്ത്യയിൽനിന്നുള്ള സർവകക്ഷി പ്രതിനിധി സംഘം സന്ദർശിച്ച 33 രാജ്യങ്ങളിലൊന്നു പോലും സംഭവത്തിൽ പാകിസ്താനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടാണ് മണിശങ്കർ അയ്യർ ഇക്കാര്യം പറഞ്ഞത്. അയ്യരുടെ പ്രസ്താവന വൻവിവാദത്തിനാണ് തിരികൊളുത്തിയത്.
''ശശി തരൂരും സംഘവും സന്ദർശിച്ച 33 രാജ്യങ്ങളിലൊന്നു പോലും പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്താനെ കുറ്റപ്പെടുത്തിയിട്ടില്ല. യുഎന്നോ അമേരിക്കയോ പാകിസ്താനെ ഉത്തരവാദികളാക്കിയിട്ടില്ല. ഇതിന് പിന്നിൽ പാകിസ്താനാണെന്ന് നമ്മൾ മാത്രമാണ് പറയുന്നത്. ഇസ്രയേലൊഴികെ, ആരും അത് വിശ്വസിക്കാൻ തയ്യാറല്ല. ഏത് പാകിസ്താൻ ഏജൻസിയാണ് ഈ കൃത്യം നടത്തിയതെന്ന് ആളുകളെ ബോധ്യപ്പെടുത്തുന്ന തെളിവുകളൊന്നും ഹാജരാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല.'' അയ്യർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയ്ക്ക് പാകിസ്താനെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് സർക്കാരിന് സിന്ധു നദി കരാർ റദ്ദാക്കേണ്ടി വന്നതെന്നും കപിൽ സിബൽ എംപി പറഞ്ഞതിനു പിന്നാലെയാണ് മണിശങ്കർ അയ്യരുടെ വിവാദ പരാമർശങ്ങൾ വരുന്നത്. ഇന്ത്യയുടെയും പാകിസ്താന്റെയും പ്രതിരോധ സംവിധാനങ്ങൾ തുല്യമായിരുന്നുവെന്നും യുദ്ധം തുടരാൻ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല ഇന്ത്യയെന്നും സിബൽ പറഞ്ഞിരുന്നു.
അയ്യരുടെ പ്രസ്താവനയോട് ബിജെപി അതിരൂക്ഷമായാണ് പ്രതികരിച്ചത്. 'ആക്രമണത്തിൽ ലഷ്‌കറെ തൊയ്ബയുടെ (എൽഇടി) ഉപവിഭാഗമായ ടിആർഎഫിന്റെ പങ്കിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ നിരീക്ഷണ പാനൽ ആശങ്ക ഉന്നയിച്ചത് ഒരുപക്ഷേ കോൺഗ്രസ് എന്ന പാർട്ടിക്ക് അറിയില്ലായിരിക്കും,' ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.
'കോൺഗ്രസും അതിലെ നേതാക്കളും പാകിസ്താന് വേണ്ടി ആർപ്പുവിളിക്കുകയും ഇന്ത്യ വിരുദ്ധവും പാകിസ്താൻ അനുകൂലവുമായ പ്രചാരണങ്ങൾ നടത്തുന്നതിൽ അവരുടെ യഥാർത്ഥ മുഖം കണ്ടെത്തുകയും ചെയ്യുന്നു. തീർച്ചയായും ലജ്ജാകരം' ബിജെപി വക്താവ് സി.ആർ. കേശവൻ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപാർലമെന്റിന്റെ ഇരുസഭകളിലും പറഞ്ഞിരുന്നു. പാകിസ്താൻ ഡി.ജി.എം.ഒ ഇന്ത്യൻ ഡി.ജി.എം.ഒയെ വിളിച്ചെന്നും അതിനുശേഷം സംഘർഷം താൽക്കാലികമായി നിർത്താൻ കേന്ദ്രം തീരുമാനിച്ചെന്നും അദ്ദേഹം പാർലമെന്റിനെ അറിയിച്ചു.
ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെ ശ്രീനഗറിനടുത്ത് സൈന്യവും സി.ആർ.പി.എഫും ജമ്മു കശ്മീർ പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷൻ മഹാദേവ് എന്ന സംയുക്ത ഓപ്പറേഷനിലൂടെ വധിച്ചതായും ഷാ സഭയെ അറിയിച്ചു.
Content Highlights: 'No Nation Blamed Pak For Pahalgam Terror,' mani shankar aiyar,