കെട്ടിടത്തിന്റെ 23-ാം നിലയിൽനിന്ന് വീണ് യുവാവിനും മകനും ദാരുണാന്ത്യം; അപകടം പൂജയ്ക്ക് പൂക്കൾ പറിക്കുന്നതിനിടെ

#ന്യൂസ് ഡെസ്‌ക്
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായത്താൽ നിർമിച്ചത്.
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായത്താൽ നിർമിച്ചത്.

ലഖ്‌നൗ: ബഹുനില കെട്ടിടസമുച്ചയത്തിന്റെ 23-ാം നിലയിൽനിന്ന് വീണ് യുവാവിനും മകനും ദാരുണാന്ത്യം. രൺദീപ് പത്ര(40), മകൻ ആരവ്(11) എന്നിവരാണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ മഹാഗുൺ മൈവുഡ്‌സ് സൊസൈറ്റിയിലെ കെട്ടിടസമുച്ചയത്തിലാണ് സംഭവം. പൂജയ്ക്ക് പൂക്കൾ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

വെള്ളിയാഴ്ച രാവിലെ, പൂജയ്ക്കുവേണ്ടി പൂക്കൾ പറിക്കാൻ ബാൽക്കണിയിലേക്ക് പോയതായിരുന്നു രൺദീപും ആരവും. അതിനിടെ ആരവ് ബാൽക്കണിയിൽനിന്ന് വീണു. ബാൽക്കണിയിൽ തൂങ്ങിക്കിടന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രൺദീപിന് നിലതെറ്റുകയും അദ്ദേഹവും താഴേക്ക് വീഴുകയായിരുന്നുവെന്നുമാണ് വിവരം.

സംഭവം അറിഞ്ഞ് ബിസ്രാഖ് പോലീസ് സ്‌റ്റേഷനിൽനിന്നുള്ള സംഘം സ്ഥലത്തെത്തിയപ്പോൾ അതിഗുരുതരമായി പരിക്കേറ്റ രൺദീപിനെയും ആരവിനെയുമാണ് കണ്ടത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. 

Content Highlights: A 40-year-old man and his 11-year-old son died after falling from the 23rd floor., The incident occurred at Mahagun Mywoods society in Greater Noida., The accident happened while attempting to pluck flowers for a prayer on Friday morning., The father reportedly slipped while trying to rescue his son from falling from the balcony.