ഡിങ്കിയില്‍ തിമിംഗലത്തെ കാണാന്‍ പോയി; കടലില്‍ കുടുങ്ങിയാളെ 67 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി

മോസ്‌കോ: തിമിംഗലത്തെ കാണാന്‍ പോയി കടലില്‍ കുടുങ്ങിയാളെ 67 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ഡിങ്കി ബോട്ടിലാണ് ഇയാള്‍ കടലില്‍ കടലിലേയ്ക്ക് പോയത്. ചെറുബോട്ടാണ് ഡിങ്കി.
കൂടെയുണ്ടായ ഇയാളുടെ സഹോദരനും 15-കാരനായ അനന്തിരവനും കടലില്‍വെച്ചു മരിച്ചു.
കാംചത്ക പെനിന്‍സുലയില്‍ നിന്ന് മത്സ്യബന്ധന ബോട്ടിലാണ് ഇയാളെ രക്ഷപ്പെടുത്തിയതെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. രക്ഷപ്പെട്ടയാളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും 46-കാരനായ മിഖായേല്‍ പിച്ചുഗിന്‍ എന്നയാളാണ് രക്ഷപ്പെട്ടതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 49-കാരനായ സഹോദരനും 15-കാരനായ അനന്തിരവനും ചേര്‍ന്ന് ഒഖോത്സ്‌ക് കടലില്‍ തിമിംഗലങ്ങളെ കാണാന്‍ പുറപ്പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ബോട്ടില്‍നിന്ന് മറ്റു രണ്ട് പേരുടെ മൃതദേഹങ്ങളും ലഭിച്ചു. മിഖായേല്‍ പിച്ചുഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒഖോത്സ്‌ക് കടലിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള ദ്വീപുകളിലേക്കാണ് മൂന്നുപേരും യാത്ര ചെയ്തത്. ഓഗസ്റ്റ് ഒന്‍പതിന് സഖാലിന്‍ ദ്വീപിലേക്ക് മടങ്ങവെയാണ് ഇവരെ കാണാതായത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. കാണാതാകുമ്പോള്‍ കുറച്ച് ഭക്ഷണവും 20 ലിറ്റര്‍ വെള്ളവും മാത്രമേ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നുള്ളൂ.
കണ്ടെത്തുമ്പോള്‍ പിച്ചുഗിന്റെ ഭാരം ഏകദേശം 50 കിലോ മാത്രമായിരുന്നു. ഇയാള്‍ 100 കിലോയോള ഭാരമുണ്ടായിരുന്നതായി ഭാര്യ റഷ്യന്‍ മാധ്യമങ്ങളോട് അറിയിച്ചു. കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും തണുപ്പുള്ളതും കൊടുങ്കാറ്റിന് പേരുകേട്ടതുമായ ഒഖോത്സ്‌ക് കടലില്‍ എങ്ങനെ അതിജീവിക്കാന്‍ കഴിഞ്ഞുവെന്നത് അത്ഭുതമാണ്. മീന്‍പിടിത്ത കപ്പലിലെ ജീവനക്കാര്‍ അവരുടെ റഡാറില്‍ ചെറിയ ബോട്ട് കണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Content Highlights: Russian man rescued after spending 67 days adrift