മോദിയെയും യോഗിയെയും പ്രശംസിച്ചതിന് മുത്തലാഖ് ചൊല്ലിയെന്ന് ഭാര്യയുടെ പരാതി; യുവാവിനെതിരേ കേസ്

പ്രതീകാത്മകചിത്രം | Photo: AP
പ്രതീകാത്മകചിത്രം | Photo: AP

ലഖ്‌നൗ: അയോധ്യയുടെ വികസനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ചതിന് യുവതിയെ തലാഖ് ചൊല്ലി ഭര്‍ത്താവ്‌. അയോധ്യ സ്വദേശിയായ അര്‍ഷാദ് എന്നയാള്‍ക്കെതിരേയാണ് ഭാര്യ മറിയത്തിന്റെ പരാതിയില്‍ യു.പി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അര്‍ഷാദ് തന്നെ മര്‍ദിച്ചിരുന്നെന്നും മറിയം പരാതിയില്‍ പറയുന്നു. അര്‍ഷാദിനെ കൂടാതെ ഭര്‍തൃകുടുംബത്തിലെ ഏഴുപേര്‍ക്കെതിരേയും മറിയം മര്‍ദന ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇവരുടെ പേരും കേസിലുണ്ട്. 

2013 ഡിസംബര്‍ 13-നാണ് ബഹ്‌റൈച്ച് സ്വദേശിയായ മറിയവും അര്‍ഷാദും വിവാഹിതരായത്. വിവാഹശേഷം താന്‍ അയോധ്യ നഗരത്തിലൂടെ സഞ്ചരിച്ചപ്പോള്‍ റോഡുകളും അവിടുത്തെ സൗന്ദര്യവത്കരണവും വികസനവും അന്തരീക്ഷവും ഇഷ്ടമായി. ഇതിന്, മുഖ്യമന്ത്രി ആദിത്യനാഥിനെയും പ്രധാനമന്ത്രി മോദിയെയും അര്‍ഷാദിന് മുന്നില്‍വെച്ച് പ്രശംസിച്ചു. ഇതില്‍ കോപാകുലനായ അര്‍ഷാദ്, തന്നെ സ്വന്തം വീട്ടിലേക്ക് അയച്ചുവെന്നും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയില്‍ മറിയം പറയുന്നു. 

തുടര്‍ന്ന് ചില ബന്ധുക്കളുടെ ഇടപെടലിന് പിന്നാലെ മറിയം വീണ്ടും അര്‍ഷാദിന്റെ വീട്ടിലേക്ക് മടങ്ങിയെന്ന് ജര്‍വാല്‍ റോഡ് പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ ബ്രിജ്‌രാജ് പ്രസാദ് പറഞ്ഞു. തുടര്‍ന്നും അര്‍ഷാദ് മോശമായി സംസാരിക്കുകയും മുത്തലാഖ് ചൊല്ലുകയായിരുന്നെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു. 

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് 2017 ഓഗസ്റ്റ് 22-ന് സുപ്രീംകോടതി വിധിച്ചിരുന്നു. ആക്രമണം, അസഭ്യം പറയൽ, ഭീഷണി എന്നീ കുറ്റങ്ങളും സ്ത്രീധന നിരോധന നിയമം, മുസ്‌ലിം വിമന്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മാരേജ്) ആക്ട് എന്നീ വകുപ്പുകളും ചുമത്തിയാണ് അര്‍ഷാദിനും കുടുംബത്തിനുമെതിരേ കേസ് എടുത്തിരിക്കുന്നത്.

Content Highlights: man gives tripletalaq to wife as she praised narendramodi and adityanath over development of ayodhya