മാനേജരോട് സിക് ലീവിന് അപേക്ഷിച്ചു, പത്തുമിനിറ്റിനിടയിൽ ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ബെംഗളൂരു: മാനേജരോട് സിക് ലീവിന് അപേക്ഷിച്ച് പത്തുമിനിറ്റിനകം യുവാവിന് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ദാരുണാന്ത്യം. ശങ്കര്‍ എന്ന നാല്‍പ്പതുകാരനാണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ അവധി വേണമെന്നും ആവശ്യപ്പെട്ട് രാവിലെ 08.37-നാണ് തനിക്ക് മെസേജ് അയച്ചതെന്നും പത്തുമിനിറ്റിനകം, 08.47-ന് അദ്ദേഹം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചുവെന്നും ശങ്കറിന്റെ മാനേജര്‍ കെ.വി. അയ്യര്‍ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 

'ഇന്ന് രാവിലെയുണ്ടായ സങ്കടകരമായ സംഭവം' എന്ന തലക്കെട്ടോടെയാണ് അയ്യര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 'എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളായ ശങ്കര്‍ ഇന്ന് രാവിലെ 08.37-ന് എനിക്ക് മെസേജ് അയച്ചു. സര്‍, കടുത്ത പുറംവേദന കാരണം എനിക്ക് ഇന്ന് വരാനാകില്ല. ലീവ് അനുവദിക്കണമെന്നായിരുന്നു അത്. ഇത്തരം ലീവ് അപേക്ഷകള്‍ സാധാരണമായതിനാല്‍, ശരി വിശ്രമിക്കൂ എന്ന് ഞാന്‍ അദ്ദേഹത്തിന് മറുപടി നല്‍കി. ദിവസം സാധാരണമായി കടന്നുപോയി', അയ്യര്‍ കുറിപ്പില്‍ പറയുന്നു.

'11.00 മണി ആയപ്പോള്‍ എനിക്കൊരു ഫോണ്‍ കോള്‍ വരികയും മുന്‍പൊരിക്കലുമുണ്ടാകാത്ത പോലെ അതെന്നെ ഞെട്ടിക്കുകയും ചെയ്തു. ശങ്കര്‍ മരിച്ചുവെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. ആദ്യം കേട്ടപ്പോള്‍ ഞാന്‍ അത് വിശ്വസിച്ചില്ല. കേട്ടത് ശരിയാണോയെന്ന് ഉറപ്പാക്കാനും വിലാസം ലഭിക്കാനും മറ്റൊരു സഹപ്രവര്‍ത്തകനെ വിളിച്ചു. വിലാസം ലഭിച്ചതോടെ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പാഞ്ഞു. അദ്ദേഹം ജീവനോടെയുണ്ടായിരുന്നില്ല', അയ്യര്‍ പറയുന്നു.

'ആറുകൊല്ലമായി ശങ്കര്‍ എന്റെ ടീം അംഗമായിരുന്നു. വെറും നാല്‍പ്പതു വയസ്സു മാത്രമായിരുന്നു പ്രായം. ആരോഗ്യവാനും ചുറുചുറുക്കുള്ളയാളുമായിരുന്നു. വിവാഹിതനായിരുന്നു. ഒരു കുഞ്ഞുമുണ്ട്. പുക വലിക്കുമായിരുന്നില്ല. ഒരിക്കലും മദ്യപിച്ചിട്ടില്ല. പെട്ടെന്ന് അദ്ദേഹത്തിന് ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. അദ്ദേഹം എനിക്ക് അവധി ആവശ്യപ്പെട്ട് മെസേജ് അയച്ചത് 08.37-ന് ആയിരുന്നു. അന്ത്യശ്വാസം വലിച്ചത് 08.47-നും', അയ്യര്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.  

ജീവിതം അത്രമേല്‍ പ്രവചനാതീതമാണന്ന വരികളോടെയാണ് അയ്യരുടെ കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പ് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ശങ്കറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുള്ളത്.

Content Highlights: man dies of cardiac arrest after he requested sick leave to manager