വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ മോദിക്കെതിരേ അധിക്ഷേപ പരാമര്‍ശം; ഒരാള്‍ അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ | Photo: ANI
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ | Photo: ANI

പട്‌ന: ബിഹാറില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ പ്രധാനമന്ത്രി മോദിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ദര്‍ഭംഗയിലെ സിങ്‌വാര സ്വദേശിയായ മുഹമ്മദ് റിസ്‌വി എന്ന ഇരുപതുകാരനാണ് പിടിയിലായത്. ബിജെപി ദര്‍ഭംഗ ജില്ലാ പ്രസിഡന്റ് ആദിത്യ നാരായണ്‍ ചൗധരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 

ധര്‍ഭംഗയിലെ പരിപാടിയുടെ വേദിയില്‍നിന്നുകൊണ്ടാണ് ചിലർ ഹിന്ദിയില്‍ മോശം പരാമര്‍ശം നടത്തിയത്. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രാഹുല്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. സംഭവം നടക്കുമ്പോള്‍ രാഹുലും മറ്റുനേതാക്കളും വേദിയിലുണ്ടായിരുന്നില്ല. 

സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും ജനാധിപത്യത്തിന്മേലുള്ള കളങ്കമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്‌സില്‍ കുറിച്ചു.

Content Highlights: man arrested for hurling abuse against narendra modi during voter adhikar yatra