നന്ദിഗ്രാമിലെ അപ്രതീക്ഷിത ട്വിസ്റ്റ്; കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മമത,’ഞങ്ങൾ ഒരുമിച്ചാണ്’

#ന്യൂസ് ഡെസ്ക്
രാഹുൽ ​ഗാന്ധി, മമതാ ബാനർജി | Photo:PTI
രാഹുൽ ​ഗാന്ധി, മമതാ ബാനർജി | Photo:PTI

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ മിലൻ പ്രധാനിന് തൃണമൂൽ നേതാവ് മമത ബാനർജി പിന്തുണ പ്രഖ്യാപിച്ചു. രണ്ടായി വിഘടിച്ച തൃണമൂൽ കോൺഗ്രസിലെ, മമത വിഭാഗം നിർത്തിയ സ്ഥാനാർഥി സഞ്ജിത പ്രധാൻ ദേ നാമനിർദേശപ്പത്രിക പിൻവലിച്ചതോടെയാണ് ബദൽനീക്കം. അടുത്തമാസം ആറിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കില്ലെന്നും കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്നും മമത അറിയിച്ചു. ബംഗാളിൽ മമതയുടെ പാർട്ടി കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് അപൂർവ്വ സംഭവമാണ്.

കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസും തന്റെ പാർട്ടിയും ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും മമതാ ബാനർജി പറഞ്ഞു. 'ഞങ്ങൾ ഇതിൽ ഒരുമിച്ചാണ്. ബി.ജെ.പിയെ പുറത്താക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു' കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുമായി നടത്തി സംഭാഷണത്തെ കുറിച്ച് മമത കൂട്ടിച്ചേർത്തു.

ബി.ജെ.പി.ക്കെതിരേ പ്രതിപക്ഷ നിരയിൽ ശക്തമായ ഐക്യമുണ്ടെന്ന സന്ദേശം നൽകാനാണ് കോൺഗ്രസിനെ പിന്തുണയ്ക്കുന്നതെന്നും മമത പറഞ്ഞു. അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമായ റജി നഗറിൽ മമതയുടെ സ്ഥാനാർഥിയായ റബീഉൽ ആലം ചൗധരിയും കോൺഗ്രസ് സ്ഥാനാർഥിയായ മുഹമ്മദ് അബ്ദുള്ളാഹിൽ കാഫിയും നേരിട്ട് ഏറ്റുമുട്ടുകയും ചെയ്യും.

ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തോടൊപ്പമാണെങ്കിലും പശ്ചിമ ബംഗാളിൽ ടി.എം.സി.യും കോൺഗ്രസും വെവ്വേറെയായാണ് മത്സരിച്ചിരുന്നത്. ബംഗാൾ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് മമത നിർത്തിയ സ്ഥാനാർഥി സഞ്ജിത പ്രധാൻ അപ്രതീക്ഷിതമായി തന്റെ സ്ഥാനാർഥിത്വം പിൻവലിച്ചത്. ഇതോടെയാണ് മമത മറുനീക്കം നടത്തിയത്. നാമനിർദേശപ്പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതിനാൽ പുതിയൊരു സ്ഥാനാർഥിയെ വയ്ക്കാൻ കഴിയില്ല.

നന്ദിഗ്രാം, റജിനഗർ എന്നീ രണ്ട് മണ്ഡലങ്ങളിൽ ഒക്ടോബർ ആറിനാണ് ഉപതിരഞ്ഞെടുപ്പ്. ഒക്ടോബർ 9-ന് വോട്ടെണ്ണും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽനിന്നും ഒരേ സമയം വിജയിച്ച ജനപ്രതിനിധികൾക്ക് ഒരു സീറ്റ് രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടായതോടെയാണ് രണ്ടിടത്തും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിലവിലെ മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാം, ഭവാനിപുർ എന്നീ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ച് ജയിച്ചു. സുവേന്ദു ഭവാനിപുർ നിലനിർത്തിയതോടെയാണ് നന്ദിഗ്രാമിൽ തിരഞ്ഞെടുപ്പ് ആവശ്യമായത്. ആം ജനതാ ഉന്നായൻ പാർട്ടി (എ.ജെ.യു.പി.) നേതാവായ ഹുമയൂൺ കബീർ, റജി നഗർ, ഗൗഡ എന്നീ രണ്ട് മണ്ഡലങ്ങളിൽനിന്ന് ജനവിധി തേടിയിരുന്നു. രണ്ടിടങ്ങളിലും ജയിച്ച അദ്ദേഹം ഗൗഡ നിലനിർത്തിയതോടെയാണ് റജി നഗറിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

തൃണമൂൽ കോൺഗ്രസ് മമത ബാനർജി പക്ഷം, ഋതബ്രത ബാനർജി പക്ഷം എന്നിങ്ങനെ പിളർന്നിരിക്കുന്ന പശ്ചാത്തലത്തിൽകൂടിയാണ് ഉപതിരഞ്ഞെടുപ്പ്. ജനവിധി മുന്നിൽക്കണ്ട് രണ്ട് വിഭാഗവും പാർട്ടിയുടെ ഔദ്യോഗിക പേരും ചിഹ്നവും തങ്ങൾക്ക് വേണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ഇതോടെ കമ്മിഷൻ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും പരമ്പരാഗത ചിഹ്നമായ 'പൂക്കളും പുല്ലും' ചിഹ്നവും ഉപയോഗിക്കുന്നതിൽനിന്ന് ഇരുവിഭാഗങ്ങളേയും വിലക്കി. നേതൃതലത്തിലെ തർക്കം പരിഹരിക്കുന്നതുവരെ പേരും ചിഹ്നവും രണ്ടുകൂട്ടരും ഉപയോഗിക്കാൻ പാടില്ലെന്നാണ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്.

പിന്നാലെ മമതയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 'ഫുട്‌ബോൾ താരം' പുതിയ തിരഞ്ഞെടുപ്പ് ചിഹ്നമായും, മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന് പുതിയ പേരും നൽകി. ഋതബ്രതയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 'ഡെമക്രാറ്റിക് തൃണമൂൽ കോൺഗ്രസ്' എന്ന പേരും കവർ (Envelope) ചിഹ്നവും നൽകി. ഇരുവിഭാഗത്തിനും പശ്ചിമ ബംഗാൾ, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ അംഗീകൃത രാഷ്ട്രീയപ്പാർട്ടിയായി പ്രവർത്തിക്കാം.

Content Highlights: Mamata Banerjee's faction decides not to contest the Nandigram bypolls., TMC faction to support Congress candidate Milan Pradhan on October 6, 2026., Decision aims to show solidarity with the INDIA alliance against the BJP.