അന്വേഷണ ഏജൻസികൾ ബംഗാൾ ജനതയെ മനഃപൂർവ്വം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു–മമത ബാനർജി

കൊൽക്കത്ത: സംസ്ഥാനത്തെ ജനങ്ങളെ മനഃപൂർവം അപകീർത്തിപ്പെടുത്താനായി അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തിൻ്റെ ഭരണഘടന, ജനാധിപത്യം, നീതിന്യായം എന്നിവ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് മമത അഭ്യർഥിക്കുകയും ചെയ്തു. രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിൻ്റെ സാൾട്ട് ലേക്ക് ഓഫീസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ED) റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ബിജെപിക്കെതിരെ ഈ പരാമർശം. തൻ്റെ പാർട്ടിയുടെ ആഭ്യന്തരരേഖകൾ പിടിച്ചെടുക്കാൻ ഏജൻസി ശ്രമിക്കുന്നതായി മമത ആരോപിച്ചു.
കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപായ്ഗുരിയിലുള്ള സർക്യൂട്ട് ബെഞ്ചിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് മമത ഇക്കാര്യം പറഞ്ഞത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസും കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസും അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിലായിരുന്നു മമതയുടെ വിമർശനം. "ചീഫ് ജസ്റ്റിസിനോടും എല്ലാ ജഡ്ജിമാരോടും ഒരഭ്യർഥനയുണ്ട്. ദയവായി ജനങ്ങളെ സംരക്ഷിക്കൂ. ജനാധിപത്യം, നീതിന്യായം, രാജ്യം, ഭരണഘടന എന്നിവയെ സംരക്ഷിക്കൂ. നീതിന്യായ വ്യവസ്ഥയ്ക്ക് മുകളിൽ മറ്റൊന്നുമില്ല. കോടതിവിധി പറയുന്നതിന് മുമ്പ് മാധ്യമ വിചാരണകൾ ഉണ്ടാകരുത്. ജനങ്ങളെ കളങ്കപ്പെടുത്താനുള്ള പ്രവണതയാണിത്. ഏജൻസികൾ ജനങ്ങളെ അപകീർത്തിപ്പെടുത്താൻ മനഃപൂർവം ശ്രമിക്കുന്നു." ചടങ്ങിൽ സംസാരിക്കവേ മമത പറഞ്ഞു:
കേന്ദ്ര എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും തൃണമൂൽ കോൺഗ്രസ് നയിക്കുന്ന പശ്ചിമ ബംഗാൾ സർക്കാരും തമ്മിൽ നടക്കുന്ന നിയമപരമായ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ബംഗാൾ മുഖ്യമന്ത്രിയുടെ ഈ പരാമർശങ്ങൾ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണത്തിൻ്റെ ഭാഗമായി ഫെഡറൽ ഏജൻസി പത്ത് സ്ഥലങ്ങളിൽ (പശ്ചിമ ബംഗാളിൽ നാലും ആറും ഡൽഹിയിലും) റെയ്ഡ് നടത്തിയതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്. ഈ സ്ഥലങ്ങളിൽ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിൻ്റെ സാൾട്ട് ലേക്ക് ഓഫീസും അതിൻ്റെ ഡയറക്ടർ പ്രതീക് ജെയിൻ്റെ വീടും ഉൾപ്പെടുന്നു.
Content Highlights: West Bengal CM Mamata Banerjee criticizes central probe agencies for targeting citizens, urges Supreme Court to protect democracy and constitution.