ഐ-പാകിൽ ഓടിയെത്തി പച്ചനിറത്തിലുള്ള ഫയലുമായി കടന്നു; മമത റെയ്ഡിനെ എന്തിന് ഭയക്കണം?

#ന്യൂസ് ഡെസ്ക്
ഐ- പാകിലെ റെയ്ഡിനിടെ രേഖകളുമായി മടങ്ങുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി | PTI Photo
ഐ- പാകിലെ റെയ്ഡിനിടെ രേഖകളുമായി മടങ്ങുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി | PTI Photo

രു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തെരുവിലിറങ്ങി അതിതീവ്രമായി പ്രതികരിക്കുക, പ്രതിഷേധിക്കുക. അതും ഒരു സ്വകാര്യ സ്ഥാപനത്തിന് വേണ്ടി. അങ്ങനെയൊന്ന് ചിന്തിക്കാനാകുമോ? ഇല്ലെന്നു തോന്നിയേക്കാം. പക്ഷെ, അങ്ങനെയൊന്ന് നടന്നു. പശ്ചിമ ബംഗാളിൽ. ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി ( ഐ-പാക് ) എന്ന സ്വകാര്യ സ്ഥാപനത്തിലെ ഇഡി റെയ്ഡ് തടയാനായിരുന്നു മമതയുടെ തെരുവിലെ രോഷപ്രകടനം.

തൃണമൂൽ കോൺഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സോഷ്യൽ മീഡിയ മാനേജ്മെന്റും നിർവ്വഹിക്കുന്ന സ്വകാര്യ സ്ഥാപനമാണ് പ്രതീക ജെന്നിന്റെ നേതൃത്വത്തിലുള്ള ഐ-പാക്. റെയ്ഡ് വിവരം അറിഞ്ഞെത്തിയ മുഖ്യമന്ത്രി മമത ബാനർജി, തന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പദ്ധതികളും സ്ഥാനാർത്ഥി പട്ടികയും മോഷ്ടിക്കാനാണ് കേന്ദ്ര ഏജൻസി ശ്രമിക്കുന്നതെന്ന് ആരോപിക്കുകയും പ്രതീക ജെന്നിന്റെ മൊബൈൽ ഫോണും ലാപ്‌ടോപ്പും മുഖ്യമന്ത്രി അവിടെനിന്ന് എടുത്തുകൊണ്ടുപോവുകയും ചെയ്തു.

റെയ്ഡ് വിവരം അറിഞ്ഞയുടൻ മുഖ്യമന്ത്രി മമത ബാനർജി സംഭവസ്ഥലത്തെത്തുകയും ഉദ്യോഗസ്ഥരുടെ പ്രവർത്തനം തടയാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് മമതയ്‌ക്കെതിരെ ഉയരുന്ന ആരോപണം. പോലീസ് കമ്മീഷണറെയും ഡിജിപിയെയും കൂടെക്കൂട്ടിയ മുഖ്യമന്ത്രി, ഓഫീസിൽനിന്ന് ഒരു പച്ച ഫയലും മറ്റ് പ്രധാന രേഖകളും ഹാർഡ് ഡിസ്‌കുകളും നേരിട്ട് എടുത്തുമാറ്റിയതായും ആരോപണമുണ്ട്. ഒരു സ്വകാര്യ കമ്പനിയിൽ റെയ്ഡ് നടക്കുമ്പോൾ മുഖ്യമന്ത്രി ഇത്രയധികം പരിഭ്രാന്തി കാണിക്കുന്നതെന്നാണ് മമതയ്‌ക്കെതിരെ പ്രതിപക്ഷമായ ബിജെപി ഉയർത്തുന്ന പ്രധാന ചോദ്യം. മമതയ്ക്ക് ഒളിപ്പിക്കാനെന്തോ ഉണ്ടെന്ന ആരോപണം ഇതിനോടകം തന്നെ ബിജെപി ഉയർത്തിക്കഴിഞ്ഞു.

ഹവാല ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങളെ തുടർന്ന് ഇ.ഡി.യുടെ ഹൈ-ഇന്റൻസിറ്റി യൂണിറ്റിലെ (HIU) ഏഴ് ഉദ്യോഗസ്ഥരാണ് റെയ്ഡിനായി എത്തിയത്. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിൽ ഹവാല ബന്ധങ്ങൾ ഉണ്ടെന്ന സംശയത്തെത്തുടർന്നാണ് ഇഡി പരിശോധന നടത്തിയത്. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ മറ്റ് ചില സംശയാസ്പദമായ പ്രവർത്തനങ്ങളും റെയ്ഡിലേക്ക് നയിച്ചു. എന്നാൽ, ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നതിനിടെ മുഖ്യമന്ത്രി മമത ബാനർജി അവിടെനിന്ന് പച്ചനിറത്തിലുള്ള ഒരു ഫയൽ എടുത്തുമാറ്റി. അവർ ഈ പച്ചനിറത്തിലുള്ള ഫയൽ അതീവ ജാഗ്രതയോടെ ശരീരത്തോട് ചേർത്തുപിടിച്ചാണ് കൊണ്ടുപോയതെന്നും അതിൽ ഒളിപ്പിക്കാനെന്തൊ ഉണ്ടെന്നുമാണ് ആരോപണം. തന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സ്ഥാനാർത്ഥി പട്ടികയും അടങ്ങുന്ന രേഖകൾ സംരക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നാണ് മമത ബാനർജി ഈ നടപടിയെക്കുറിച്ച് പ്രതികരിച്ചത്.

എന്നാൽ, അതുമാത്രമായിരുന്നുവെങ്കിൽ ഇത്രയും തീവ്രമായ പ്രതികരണത്തിലേക്ക് മമതാ ബാനർജി പോകുമായിരുന്നില്ല എന്നാണ് ഉയരുന്ന ആരോപണം. ഇഡിയുടെ റെയ്ഡ് എന്നത് ഹവാല ഇടപാടുമായി ബന്ധപ്പെട്ടതായിരുന്നുവെന്നതാണ് ഇതിനോട് കൂട്ടിവായിക്കേണ്ടത്. നേരത്തെ തന്നെ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ കേന്ദ്ര ഏജൻസികളുടെ കേസുകളുണ്ട്. പല നേതാക്കളുടെയും പക്കൽനിന്ന് ഇഡി ആസ്തികൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇതുവരെ മമത ബാനർജിയെ നേരിട്ട് ബന്ധിപ്പിക്കുന്ന കേസുകളൊന്നും തന്നെ ഉണ്ടായിട്ടില്ല. കേസുകളെല്ലാം തന്നെ മമതയുടെ വിശ്വസ്തർക്കെതിരെ മാത്രമായിരുന്നു. എന്നാൽ, ഐ-പാകിൽ റെയ്ഡ് നടന്നപ്പോൾ മമത പ്രതികരിച്ച രീതിയും തന്റെ വിശ്വസ്ഥർക്കെതിരെ ഇഡി നടപടികളുണ്ടായപ്പോൾ സ്വീകരിച്ച സമീപനവും തമ്മിലുള്ള അന്തരം തന്നെയാണ് മമതയെ സംശയനിഴലിലാക്കുന്നത്.

ഐ-പാകിന്റെ ഓഫീസിൽനിന്ന് രേഖകളും ലാപ്‌ടോപ്പും പ്രതീക ജെയ്‌നിന്റെ ഫോണുമുൾപ്പെടെ എടുത്തുമാറ്റിയിട്ട് ഓഫീസിൽ റെയിഡിനിടെ ഒന്നും കണ്ടെത്തിയില്ലെന്ന് രേഖപ്പെടുത്താൻ ഇഡിയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച അവർ ഇത് ജനാധിപത്യത്തെ തകർക്കാനുള്ള നീക്കമാണെന്നും കുറ്റപ്പെടുത്തി,. ഐ-പാക് ഓഫീസിനെ തന്റെ പാർട്ടി ഓഫീസായാണ് അവർ വിശേഷിപ്പിച്ചത്. ഒരു സ്വകാര്യ കമ്പനി എങ്ങനെയാണ് ഭരണകക്ഷിയുടെ പാർട്ടി ഓഫീസായി മാറുന്നതെന്ന ചോദ്യം ഇതിനകം ഉയർന്നു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഈ നടപടി ഔദ്യോഗിക പദവിക്ക് നിരക്കാത്തതാണെന്നും ഭയപ്പെട്ട നിലയിലാണ് അവർ പെരുമാറിയതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Content Highlights: West Bengal CM Mamata Banerjee`s dramatic protest during an ED raid on I-PAC raises questions. Discover the details and allegations surrounding the green file.