‘അഭിഷേക് ഒരുതെറ്റും ചെയ്തിട്ടില്ല, അവൻ ഇനിയും 50 വർഷം ഇവിടെത്തന്നെ കാണും’; അനന്തരവനെ പിന്തുണച്ച് മമത

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങൾക്കിടയിൽ അഭിഷേക് ബാനർജിക്ക് ശക്തമായ പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി. അനന്തരവനും പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അടുത്ത 50 വർഷം കൂടി അദ്ദേഹം ബംഗാളിന്റെ രാഷ്ട്രീയത്തിൽ തുടരുമെന്നും അവർ ബുധനാഴ്ച പറഞ്ഞു.
അഭിഷേകിന്റെ നേതൃത്വ ശൈലിയിൽ പ്രതിഷേധിച്ചും, അദ്ദേഹത്തിന്റെ വളർന്നുവരുന്ന സ്വാധീനത്തെച്ചൊല്ലി കലഹിച്ചും പാർട്ടിയിൽ ആഭ്യന്തര കലഹവും മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കും തുടരുന്ന സാഹചര്യത്തിലാണ് അനന്തരവന് ശക്തമായ പിന്തുണയുമായി മമത രംഗത്തുവന്നിരിക്കുന്നത്. ബുധനാഴ്ച മുതിർന്ന ടിഎംസി എംഎൽഎ മദൻ മിത്രയും മമതയെ വിട്ട് ഋതബ്രത ബാനർജി നയിക്കുന്ന വിമതരുടെ പക്ഷത്ത് ചേർന്നിരുന്നു.
അഭിഷേക് ബാനർജിയുടെ നേതൃത്വ ശൈലിയാണ് തന്റെ തീരുമാനത്തിന് പിന്നിലെന്ന് ആരോപിച്ച മിത്ര, അഭിഷേകിനോട് താൽക്കാലികമായി മാറിനിൽക്കാൻ താൻ ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെട്ടുവെന്നും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ മമത പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. നിലവിൽ തുടരുന്ന രാഷ്ട്രീയ പോരാട്ടത്തിൽ താൻ പിന്നോട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് അവർ ഇതിലൂടെ നൽകിയത്.
രാഷ്ട്രീയ എതിരാളികൾ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. വിമതർ പാർട്ടി വിട്ടുപോകുന്നത് സംഘടനയെ ദുർബലപ്പെടുത്തില്ലെന്നും, ഒന്നുമില്ലായ്മയിൽ നിന്നുപോലും ഈ പ്രസ്ഥാനത്തെ വീണ്ടും പടുത്തുയർത്താൻ കഴിയുമെന്നും മമത പറഞ്ഞു. വിമത നേതാക്കൾ അഭിഷേകിനെ അന്യായമായി ലക്ഷ്യം വയ്ക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മമത, തുടർന്നു 50 വർഷം അദ്ദേഹം രാഷ്ട്രീയത്തിൽ തുടരുമെന്നും പറഞ്ഞു.
'അവർ അഭിഷേക് ബാനർജിയിൽ നിന്ന് പഠിക്കണം. അവർ കാര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ അവർക്കും ആശ്വാസം ലഭിക്കുമായിരുന്നു. അഭിഷേക് ഒഴികഴിവുകൾ പറയുകയാണെന്ന് ഇപ്പോൾ അവകാശപ്പെടുന്നവർ, അദ്ദേഹം അവർക്ക് നേരെ ഒരു കണ്ണാടി പിടിക്കുകയാണെന്ന് ഓർക്കണം. അദ്ദേഹത്തെ ലക്ഷ്യം വെക്കാനുള്ള വെറുമൊരു ഒഴികഴിവ് മാത്രമാണ് അവരുടെ വിമർശനം. അഭിഷേക് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവർക്കറിയാം. അതുകൊണ്ടാണ് അടുത്ത 50 വർഷം അദ്ദേഹം രാഷ്ട്രീയത്തിൽ തുടരുമെന്ന് അവർ ഭയപ്പെടുന്നത്.' മമത പറഞ്ഞു.
തനിക്കെതിരായ കേസുകളെയും അന്വേഷണങ്ങളെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെയാണ് അഭിഷേക് നേരിട്ടതെന്നും മമത ഓർമിപ്പിച്ചു. 'അഭിഷേക് ഒരിക്കലും യുദ്ധക്കളത്തിൽ നിന്ന് ഓടിപ്പോയില്ല. അദ്ദേഹം പോരാട്ടം തുടരുന്ന രീതി കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തിന്റെ എല്ലാ കുറവുകളും ക്ഷമിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം ഒരു കടുവയെപ്പോലെയാണ് പോരാടുന്നത്.' മമത വ്യക്തമാക്കി. വിമതരെ പാർട്ടിയിൽ നിന്ന് പുറത്തെത്തിക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെയും പോലീസിനെയും ഉപയോഗിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
ആവശ്യമെങ്കിൽ തൃണമൂൽ കോൺഗ്രസിനെ പൂജ്യത്തിൽ നിന്ന് വീണ്ടും കെട്ടിപ്പടുക്കാൻ താൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ രാഷ്ട്രീയ എതിരാളികൾ താൻ മരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ ആരോപിച്ചു. 'എനിക്ക് ഹൃദയാഘാതം ഉണ്ടാകണമെന്നാണ് അവർ ആഗ്രഹിച്ചത്. എന്നാൽ നിങ്ങളുടെ അന്ത്യം കാണുന്നത് വരെ ഞാൻ ജീവിക്കും.' അവർ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്റെ പാർട്ടിയിൽ പിളർപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പോലീസിനെ പേടിച്ചാണ് ചില എംപിമാർ അപ്പുറത്തേക്ക് പോയതെന്നും മമത ആരോപിച്ചു.
ഏതാനും നേതാക്കൾ പോകുന്നത് പാർട്ടിയെ തളർത്തില്ലെന്നും ജനങ്ങളുടെ സ്‌നേഹമാണ് തങ്ങളുടെ കരുത്തെന്നും അവർ കൂട്ടിച്ചേർത്തു. ഒപ്പം, പാർട്ടി വിട്ടുപോയ 'വഞ്ചകർക്ക്' വേണ്ടി ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും അവർ പറഞ്ഞു. 'ഞങ്ങൾക്ക് ഇപ്പോഴും ലോക്സഭയിലും രാജ്യസഭയിലുമായി 18 എംപിമാരുണ്ട്; 'സെറ്റിങ് കമ്പനിയിൽ' ചേർന്ന ആ എംപിമാർ പോലീസിനെ ഭയന്നാണ് അങ്ങനെ ചെയ്തത്. ഞങ്ങൾ പാഠങ്ങൾ പഠിച്ചു കഴിഞ്ഞു, ബിജെപി പക്ഷം ചേർന്ന 'വഞ്ചകർക്ക്' വേണ്ടി ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.' അവർ പറഞ്ഞു.
'കുറച്ച് നേതാക്കൾ പാർട്ടി വിടുന്നത് ടിഎംസിയെ ദുർബലപ്പെടുത്തില്ല, ജനങ്ങളുടെ സ്‌നേഹമാണ് ഞങ്ങളുടെ പരമമായ ചിഹ്നം എന്ന നിലയിൽ ഞങ്ങൾ പോരാട്ടം തുടരും.' അവർ പറഞ്ഞു. മുമ്പും പാർട്ടി പ്രയാസകരമായ ഘട്ടങ്ങളെ അതിജീവിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പോരാട്ടം തുടരുമെന്നും പറഞ്ഞ ടിഎംസി അധ്യക്ഷ, ആവശ്യമെങ്കിൽ സംഘടനയെ പുനർനിർമ്മിക്കുമെന്നും പ്രതിജ്ഞയെടുത്തു. 1998-ൽ രൂപീകൃതമായതിന് ശേഷമുള്ള ഏറ്റവും വലിയ സംഘടനാ പ്രതിസന്ധിക്കിടയിലാണ് ടിഎംസിയിൽ ഈ പുതിയ സംഭവവികാസങ്ങൾ ഉണ്ടാകുന്നത്.
മദൻ മിത്ര പാർട്ടി വിടുമെന്നത് അറിയാവുന്ന കാര്യമായിരുന്നുവെന്നും മമത പറഞ്ഞു. മുനിസിപ്പൽ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് മദൻ മിത്രയുടെ ഭാര്യയ്ക്കും രണ്ട് പുത്രന്മാർക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചതിനെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു മമതയുടെ ഈ പ്രസ്താവന. 'മദൻ മിത്രയ്ക്കും കുടുംബത്തിനും സമൻസ് ലഭിച്ചതിനാൽ അദ്ദേഹം ക്യാമ്പ് മാറിയേക്കുമെന്ന് ഞങ്ങൾക്ക് മനസിലായിരുന്നു.' മമത പരിഹസിച്ചു.
മമത ബാനർജി നയിക്കുന്ന ക്യാമ്പിൽ നിന്ന് നിരവധി ലോക്‌സഭാ എംപിമാർ പിരിഞ്ഞുപോയതോടെ ഈ കലാപം പാർലമെന്റിലേക്കും പടർന്നിരിക്കുകയാണ്. എതിർ ഗ്രൂപ്പുകൾ ഇപ്പോൾ സമാന്തര സംഘടനയായാണ് പ്രവർത്തിക്കുന്നത്. പാർട്ടിയുടെ നേതൃത്വം ആർക്കാണെന്ന തർക്കം നിയമപോരാട്ടത്തിന്റെ വക്കിലെത്തി നിൽക്കുന്നു. ഈ പ്രതിസന്ധിയും പാർട്ടിയിലെ പിളർപ്പിനും ശേഷം അഭിഷേക് ബാനർജിക്ക് മമത നൽകുന്ന ഏറ്റവും ശക്തമായ പരസ്യ പിന്തുണയായാണ് അവരുടെ ഈ പുതിയ പരാമർശങ്ങൾ വിലയിരുത്തപ്പെടുന്നത്. പാർട്ടിയിൽ കലാപങ്ങളും കൂറുമാറ്റങ്ങളും തുടരുമ്പോഴും അവർ അഭിഷേകിന് പിന്നിൽ ഉറച്ചുനിൽക്കുന്നു എന്ന സൂചനയാണ് മമത നൽകുന്നത്.
Content Highlights: Mamata Banerjee asserts Abhishek Banerjee's innocence amid party rebellion. TMC faces major organizational crisis with defections led by Madan Mitra. Allegations of BJP using central agencies to engineer party splits. Mamata vows to rebuild TMC from scratch despite parliamentary losses.