'Useless Fellows, മിണ്ടാതിരിക്കൂ'; DK ശിവകുമാറിന് ജയ് വിളിച്ച പ്രവർത്തകരെ ശാസിച്ച് മല്ലികാർജുൻ ഖാർഗെ

ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷനായി ബി.കെ. ഹരിപ്രസാദ് ചുമതലയേറ്റ ചടങ്ങിൽ അച്ചടക്കമില്ലാതെ പെരുമാറിയ പ്രവർത്തകരെ രൂക്ഷമായി ശകാരിച്ച് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച് ചടങ്ങ് തടസ്സപ്പെടുത്തിയവരെ 'ഒന്നിനും കൊള്ളാത്തവർ' എന്ന് വിളിച്ച ഖാർഗെ, പാർട്ടി പരിപാടികളിൽ വ്യക്തിപൂജ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ഞായറാഴ്ച നടന്ന പരിപാടിയിൽ മുദ്രാവാക്യം വിളിച്ചവർക്കെതിരെ ദൃശ്യങ്ങൾ പരിശോധിച്ച് കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാർട്ടിക്ക് ഐക്യവും അച്ചടക്കവുമാണ് പ്രധാനമെന്നും പ്രവർത്തകർ പരിധിക്കപ്പുറം വളരരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പരിപാടി തടസ്സപ്പെട്ടപ്പോൾ സദസ്സിനെ ശാന്തനാക്കാൻ ഡി.കെ. ശിവകുമാർ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം, സിദ്ധരാമയ്യക്ക് പകരം ശിവകുമാർ മുഖ്യമന്ത്രിയായി വന്നതിന് ശേഷമുള്ള പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി. ഖാർഗെ സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രവർത്തകർ 'ഡി.കെ-ഡി.കെ' വിളികൾ മുഴക്കിയത്. പ്രകോപിതനായ ഖാർഗെ, പ്രവർത്തകരെ 'ഒന്നിനും കൊള്ളാത്തവർ' (useless fellows) എന്ന് വിളിക്കുകയും ഇത് ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പരിപാടിയല്ലെന്നും പാർട്ടിയുടെ ചടങ്ങാണെന്നും ഓർമ്മിപ്പിച്ചു.
'മിണ്ടാതിരിക്കൂ! താഴെ ഇരിക്കൂ. രാജ്യം മുഴുവൻ നിങ്ങളുടെ കൈപ്പിടിയിലായെന്നാണോ ഭാവം? ഒന്നിനും കൊള്ളാത്തവർ!' അദ്ദേഹം പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. രംഗം വഷളാകുന്നത് കണ്ട് മുഖ്യമന്ത്രി ശിവകുമാർ തന്നെ എഴുന്നേറ്റ് നിന്ന് ശാന്തരാകാൻ പ്രവർത്തകരോട് ആംഗ്യം കാണിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാമായിരുന്നു.
'ഇതൊരു കോൺഗ്രസ് പാർട്ടി മീറ്റിങ്ങാണ്. ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടിയുള്ളതല്ല. പാർട്ടിയെ ശക്തിപ്പെടുത്താനും ഏകീകരിക്കാനുമാണ് എല്ലാവരും ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ഒരാൾ ഒരു പേരും മറ്റൊരാൾ മറ്റൊരു പേരും വിളിച്ച് കൂവിക്കൊണ്ടിരുന്നാൽ, ബാക്കിയുള്ളവർ ഇവിടെ ചപ്പുചവറുകൾ തൂക്കാനാണോ വന്നത്?' ഖർഗെ ചോദിച്ചു.
തന്റെ ദീർഘകാല രാഷ്ട്രീയ ജീവിതം എടുത്തുപറഞ്ഞ അദ്ദേഹം, പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടിയുണ്ടാകും എന്നും മുന്നറിയിപ്പ് നൽകി. അച്ചടക്കം പാർട്ടിക്ക് അത്യന്താപേക്ഷിതമാണെന്നും, ബഹളം വെച്ചവരുടെ ദൃശ്യങ്ങൾ പരിശോധിച്ച് അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഖർഗെ വ്യക്തമാക്കി.
2028 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ മുഖ്യമന്ത്രി പദത്തിനായി തർക്കങ്ങൾ നിലനിന്നിരുന്നു.
തുടർന്ന് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും നിശ്ചയിക്കുകയായിരുന്നു. പിന്നാലെ, മുഖ്യമന്ത്രിപദം വിട്ടുകിട്ടുന്നതിനായി കഴിഞ്ഞ നവംബർ മുതൽ ശിവകുമാർ ക്യാമ്പ് സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. ഇതേത്തുടർന്ന് മെയ് 28-ന് സിദ്ധരാമയ്യ രാജിവെക്കുകയും ഒരാഴ്ചയ്ക്ക് ശേഷം, ജൂണിൽ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
Content Highlights: Mallikarjun Kharge publicly rebuked workers for chanting in support of an individual leader. The incident occurred during BK Hariprasad's swearing-in ceremony. Kharge warned of disciplinary action against those disrupting party unity. Contextualizes the leadership transition from Siddaramaiah to DK Shivakumar. Focuses on internal party stability ahead of the May 2028 elections.