മോദിയുടെ ലക്ഷദ്വീപ് സന്ദർശനം: ടൂറിസത്തില്‍ ഇന്ത്യ തങ്ങളെ ലക്ഷ്യം വെക്കുന്നുവെന്ന് മാലദ്വീപ് മന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുപിന്നാലെ മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്സൂം മാജിദ് എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ച പോസ്റ്റ് ആണ് ഇപ്പോൾ വിവാദമാകുന്നത്. ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്ന് പറഞ്ഞ മാജിദ് ബീച്ച് ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും പറഞ്ഞു.
രാജ്യത്തെ 36 ദ്വീപുകൾ ഉൾപ്പെടുന്ന ഏറ്റവും ചെറിയ കേന്ദ്ര ഭരണപ്രദേശം പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നതിലൂടെ ദ്വീപിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്സൂം മാജിദ് എക്സിൽ കുറിച്ചു. ഒപ്പം, ഇന്ത്യ മാലദ്വീപിനെ ലക്ഷ്യമിടുന്നുവെന്നും ബീച്ച് ടൂറിസത്തില്‍ മാലദ്വീപുമായി മത്സരിക്കുന്നതിൽ ഇന്ത്യ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അബ്ദുല്ല മഹ്സൂം മാജിദ് അഭിപ്രായപ്പെട്ടു.
ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നോർക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ ചർച്ചകളും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിയുടെ ട്വീറ്റ്.
പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പരിഹാസവുമായി മാലദ്വീപ് ഭരണകക്ഷി അംഗം രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് വൻതോതിലുള്ള തർക്കങ്ങളും സമൂഹ മാധ്യമങ്ങളിൽ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മാലദ്വീപ് മന്ത്രിയുടെ പ്രതികരണവും.
മാലദ്വീപിൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു. അധികാരത്തിലെത്തിയാൽ ദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ നീക്കുമെന്നായിരുന്നു മുയിസുവിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. പ്രസിഡന്റ് ആയി അധികാരമേറ്റതിന് പിന്നാലെ ചൈനാ സന്ദർശനത്തിനും മുയിസു തയ്യാറെടുക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുൻയിങ് അറിയിച്ചിരുന്നു.
Content Highlights: Maldives Ministers, Post, PM Modi, Lakshadweep Visit