മെഹുവ മൊയ്ത്രയുടെ പാര്‍ലമെന്ററി ഭാവിയും ഹെൻറി നായയും; ചര്‍ച്ചകളില്‍ നിറഞ്ഞ് റോട്‌വീലര്‍ നായ

#അരുൺ സാബു
മഹുവ മൊയ്ത്രയും ദെഹ്ദ്രായ്‌യും ഹെന്‍ റിക്കൊപ്പം
മഹുവ മൊയ്ത്രയും ദെഹ്ദ്രായ്‌യും ഹെന്‍ റിക്കൊപ്പം

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണമുനയില്‍ നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മെഹുവ മൊയ്ത്രയുടെ പാര്‍ലമെന്റംഗത്വം ഇപ്പോള്‍ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ കൈയിലാണ്. മുന്‍ സുഹൃത്തായ സുപ്രീം കോടതി അഭിഭാഷകന്‍ ജയ് അനന്ത് ദെഹദ്രായ്‌ക്കെതിരേ ആരോപണമുന്നയിച്ച് മൊയ്ത്ര രംഗത്തുവന്നിരുന്നു. സി.ബി.ഐയ്ക്ക് പരാതി നല്‍കിയതിനുപിന്നാലെ ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ ഇക്കാര്യമുന്നയിച്ച് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയതോടെയാണ് വിഷയം എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിലെത്തിയത്.

ആരോപണ-പ്രത്യാരോപണങ്ങളുടെ മധ്യത്തില്‍ ചര്‍ച്ചകളില്‍ നിറയുന്നത് മൂന്നു വയസ്സുള്ള റോട്‌വീലര്‍ നായയാണ്. മുമ്പ് ഒരുമിച്ചായിരുന്ന ദെഹദ്രായ്‌യും മെഹുവയും ഹെൻറി എന്ന പേരിലുള്ള റോട്‌വീലര്‍ നായയുടെ ഉടമസ്ഥാവകാശത്തിന്റെ പേരിലും തമ്മിലടിക്കുന്നു. കഴിഞ്ഞദിവസം വിഷയം ഡല്‍ഹി ഹൈക്കോടതിയിലുമെത്തി. നായ തന്റേതാണെന്ന് ഇരുവരും വാദിക്കുന്നു. നിലവില്‍ നായ മെഹുവയുടെ കൈവശമാണ്.

ഹെൻറി എന്ന റോട്‌വീലര്‍ നായ

അഡ്വ. ജയ് അനന്ത് ദെഹദ്രായ്‌യുടെയും മെഹുവ മൊയ്ത്രയുടെയും സാമൂഹികമാധ്യമങ്ങളില്‍ ഹെൻറി നായയുടെ ചിത്രങ്ങള്‍ ധാരാളമുണ്ട്. നായ്‌ക്കൊപ്പം ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള ചിത്രങ്ങളാണവ.

2021 ജനുവരിയില്‍ ഡല്‍ഹിയില്‍ നിന്നു 75,000 രൂപയ്ക്ക് താന്‍ വാങ്ങിയ നായ്ക്കുട്ടിയാണ് ഹെൻറിയെന്ന് അഡ്വ. ദെഹദ്രായ് അവകാശപ്പെടുന്നു. രണ്ടുതവണയായി ആദ്യം പതിനായിരവും പിന്നീട് 65,000 രൂപയും നല്‍കിയെന്നും ഇതിന്റെ രേഖ കൈവശമുണ്ടെന്നും ദെഹദ്രായ് പറയുന്നു. പട്ടിയെ തിരിച്ചുകിട്ടാന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ തനിക്കു ഹെൻറിയുമായുള്ള അടുപ്പവും ദെഹദ്രായ് സൂചിപ്പിക്കുന്നുണ്ട്. രക്ഷിതാവിന് കുട്ടിയോടുള്ള ബന്ധമാണ് തനിക്ക് ഹെൻറിയുമായുണ്ടായിരുന്നത്. 40 ദിവസം പ്രായമുള്ളപ്പോള്‍ മുതല്‍ അവരെ നോക്കുന്നത് ഞാനാണ്, അവന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നതും തനിക്കാണ് -പരാതിയില്‍ പറഞ്ഞു.

ഹെൻറി തന്റെ അരുമ നായാണെന്നാണ് മെഹുവ മൊയ്ത്രയും അവകാശപ്പെടുന്നത്. ഡല്‍ഹിയിലെ തന്റെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ചുകയറി ദെഹദ്രായ് നായയെ മോഷ്ടിച്ചെന്നും പിന്നീടു തിരിച്ചു തന്നെന്നും മെഹുവ പറയുന്നു. ഇത്തരത്തില്‍ രണ്ടു സംഭവുമുണ്ടായപ്പോള്‍ ഡല്‍ഹിയിലെ ബാരഖംബ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ ഇരുവര്‍ക്കുമിടയിലെ സൗഹൃദം കണക്കിലെടുത്ത് പരാതി പിന്നീടു പിന്‍വലിച്ചെന്നും മഹുവ വാദിക്കുന്നു.

അതേസമയം, ഹെൻറിയെ മെഹുവ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിരിക്കുകയാണെന്നാണ് ദെഹദ്രായ് ആരോപിക്കുന്നത്. ഒക്ടോബര്‍ പത്തിനാണ് പട്ടിയെ മെഹുവ തട്ടിക്കൊണ്ടുപോയതെന്നും പറയുന്നു.

ഹൈക്കോടതിയിലെത്തിയ നായത്തര്‍ക്കം

തനിക്കെതിരായ ആരോപണങ്ങളുടെ പേരില്‍ നിഷികാന്ത് ദുബെക്കും ദെഹദ്രായ്ക്കുമെതിരേ മഹുവ മൊയ്ത്ര ഡല്‍ഹി ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍, മെഹുവക്കെതിരേ സി.ബി.ഐയ്ക്ക് നല്‍കിയ പരാതി പിന്‍വലിച്ചാല്‍ ഹെൻറിയെ കൈമാറാമെന്ന് മെഹുവയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണന്‍ തന്നെ സമീപിച്ചിരുന്നെന്ന് ദെഹദ്രായ് കോടതിയെ അറിയിച്ചു. അതോടെ നാടകീയ രംഗങ്ങളാണ് കോടതിയിലരങ്ങേറിയത്. എതിര്‍ഭാഗത്തെ ഒത്തുതീര്‍പ്പിനായി സമീപിച്ചെങ്കില്‍ അത് ഇടനിലയാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതോടെ മെഹുവയ്ക്ക് വേണ്ടി ഹാജരാകുന്നതില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന് അഡ്വ. ഗോപാല്‍ ശങ്കരനാരായണന്‍ അറിയിച്ചു. ഈ കേസ് 31-ലേക്ക് മാറ്റി. നേരിട്ട് തെൡവെടുക്കാന്‍ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി നിഷികാന്ത് ദുബെയോടും അഡ്വ. ദെഹദ്രായ്‌യോടും ഈമാസം 26-ന് ഹാജരാകാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlights: mahua moitra, rottwieler dog