‘ടിഎംസി ചോർ’ മുദ്രാവാക്യം; വിമാനത്തിൽ വെച്ച് മഹുവയ്ക്ക് നേരെ പ്രതിഷേധം, അതിക്രമം

#ന്യൂസ് ഡെസ്ക്
മഹുവ മൊയ്ത്ര(Photo: PTI), മഹുവ എക്സിൽ പങ്കുവെച്ച വീഡിയോയിൽ‍ നിന്ന്
മഹുവ മൊയ്ത്ര(Photo: PTI), മഹുവ എക്സിൽ പങ്കുവെച്ച വീഡിയോയിൽ‍ നിന്ന്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് നേരെ വിമാനത്തിൽ അതിക്രമമുണ്ടായതായി പരാതി. വ്യാഴാഴ്ച ഡൽഹിയിലേക്കുള്ള 6E 719 ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യവെയായിരുന്നു സംഭവം. വിമാനത്തിൽ സഞ്ചരിക്കവെ ഒരു കൂട്ടം പുരുഷന്മാർ തന്നെ ശല്യം ചെയ്യുകയും അധിക്ഷേപകരമായ രീതിയിൽ പെരുമാറുകയും ചെയ്തുവെന്നാണ് മഹുവയുടെ പരാതി. പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഈ ദുരനുഭവം ഉണ്ടായത്. വിമാനം ലാൻഡ് ചെയ്ത ശേഷം ക്യാബിൻ വാതിലുകൾ തുറക്കുന്നതിന് മുൻപായി തന്റെ അനുവാദമില്ലാതെ ഈ സംഘം ദൃശ്യങ്ങൾ പകർത്തിയെന്നും എംപി ആരോപിച്ചു.

ഇത് വെറുമൊരു ജനരോഷം അല്ലെന്നും മറിച്ച് തന്റെ സുരക്ഷയെ ബാധിക്കുന്ന ഗൗരവകരമായ പീഡനമാണെന്നും മഹുവ മൊയ്ത്ര സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയോട് തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലുള്ള സ്വാഭാവിക രാഷ്ട്രീയ പ്രതിഷേധമാണിതെന്ന വാദങ്ങളെ അവർ തള്ളിക്കളഞ്ഞു. വിമാനത്തിനുള്ളിൽ തന്റെ സുരക്ഷ ലംഘിക്കപ്പെട്ടുവെന്നും ഇത്തരം പ്രവൃത്തികൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നുമാണ് മഹുവ പറഞ്ഞു.

സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിനെ ടാഗ് ചെയ്തുകൊണ്ടാണ് മഹുവ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടത്. കുറ്റക്കാരെ ഉടൻ തിരിച്ചറിഞ്ഞ് അവരെ 'നോ-ഫ്ലൈ ലിസ്റ്റിൽ' ഉൾപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. കൂടാതെ, വിമാനത്തിലെ ക്രൂ റിപ്പോർട്ട് കണ്ടെത്തണമെന്നും കുറ്റക്കാരെ പരസ്യമായി വെളിപ്പെടുത്തണമെന്നും അവർ ഇൻഡിഗോ എയർലൈൻസിനോട് ആവശ്യപ്പെട്ടു. മമത ബാനർജി, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രമുഖ നേതാക്കളെ ടാഗ് ചെയ്താണ് മഹുവ പോസ്റ്റ് പങ്കുവെച്ചത്.

സംഭവത്തിൽ ഇൻഡിഗോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ആഭ്യന്തര അന്വേഷണം നടത്തിയ ശേഷം ഡിജിസിഎയ്ക്ക് പേരുകൾ ശുപാർശ ചെയ്യുമെന്നാണ് വിവരം.

Content Highlights: TMC MP Mahua Moitra alleges harassment and filming by passengers on an IndiGo flight.