മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാരില്‍ ഭിന്നത രൂക്ഷം; പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണമായി 'സുരക്ഷ'

ദേവേന്ദ്ര ഫഡ്നാവിസ്, ഏക്‌നാഥ് ഷിന്ദേ |ഫോട്ടോ:ANI
ദേവേന്ദ്ര ഫഡ്നാവിസ്, ഏക്‌നാഥ് ഷിന്ദേ |ഫോട്ടോ:ANI

മുംബൈ: മഹാരാഷ്ട്രയില്‍ മൂന്ന് മാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍വിജയത്തോടെ അധികാരത്തിലേറിയ മഹായുതി സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുന്നു. ചില എംഎല്‍എമാരുടെ സുരക്ഷ പിന്‍വലിച്ചതാണ് പുതിയ തര്‍ക്കങ്ങള്‍ക്കടിസ്ഥാനം. 

എല്ലാ പാര്‍ട്ടികളിലേയും എംഎല്‍എമാരുടെ സുരക്ഷ വെട്ടികുറയ്ക്കുകയോ പിന്‍വലിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ ഉള്‍പ്പെട്ടത് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ നേതൃത്വം നല്‍കുന്ന ശിവസേനയില്‍നിന്നാണ് എന്നതാണ് തര്‍ക്കത്തിലേക്ക് നയിച്ചിരിക്കുന്നത്.

2022-ല്‍ ഉദ്ധവ് താക്കറെയുമായി പിരിഞ്ഞ് വിമത നീക്കത്തിലൂടെ ഷിന്ദേയ്‌ക്കൊപ്പമെത്തിയ 44 ശിവസേന എംഎല്‍എമാര്‍ക്കും 11 ലോക്‌സഭാ എംപിമാര്‍ക്കും വൈ, വൈ പ്ലസ് സുരക്ഷാ കവര്‍ നല്‍കിയിരുന്നു. എന്നാല്‍ വിലയിരുത്തലുകളുടെ ഭാഗമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് നേതൃത്വം കൊടുക്കുന്ന ആഭ്യന്തര വകുപ്പ് ശിവസേന എംഎല്‍എമാരുടെയും മറ്റു നേതാക്കളുടെയും സുരക്ഷ വെട്ടിക്കുറയ്ക്കുകയും ചിലരുടേത് പൂര്‍ണ്ണമായും പിന്‍വലിക്കുകയും ചെയ്തു. എന്‍സിപി-ബിജെപി എംഎല്‍എമാരും ഇതിലുണ്ടെങ്കിലും സുരക്ഷ വെട്ടിക്കുറച്ചതില്‍ ഏറ്റവും കൂടുതല്‍ ശിവസേന നേതാക്കളാണ്. 20 സേന എംഎല്‍എമാരുള്‍പ്പടെ ഏക്‌നാഥ് ഷിന്ദേയുമായി ഏറ്റവും അടുത്ത നേതാക്കള്‍വരെ ഇതിലുള്‍പ്പെട്ടിട്ടുണ്ട്.

ചില നേതാക്കള്‍ പരസ്യമായി അതൃപ്തി അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി ഫഡ്‌നവിസ് വിശദീകരണവുമായി രംഗത്തെത്തി. സുരക്ഷാ അവലോകന സമിതിയാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സമിതിയുടെ തീരുമാനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലെന്നും അതിനാല്‍ ആരും ഇതില്‍ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടത് മുതല്‍ ഏക്‌നാഥ് ഷിന്ദേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മഹായുതി സഖ്യത്തില്‍ അതൃപ്തിയിലാണ്. ചില മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചും നിയമനം സംബന്ധിച്ചും ഇപ്പോഴും തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുമുണ്ട്. 

ഇതിനിടെ സംസ്ഥാന ദുരന്തനിവാരണ മാനേജ്‌മെന്റ് അതോറിയിറ്റില്‍നിന്ന് ഷിന്ദേ പുറത്തായതും വിവാദത്തിനിടയാക്കിയിരുന്നു. ഫഡ്‌നവിസും എന്‍സിപി നേതാവും മറ്റൊരു ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ ആഴ്ച ഉപമുഖ്യമന്ത്രിമാരും പാനലിന്റെ ഭാഗമാകുമെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തു.

എന്‍സിപി മന്ത്രിയായ അദിതി താക്കറെയ്ക്കും ബിജെപിയുടെ ഗിരീഷ് മഹാജനും നാസികിന്റെയും റായ്ഗഡിന്റെയും ചുമതല നല്‍കിയത് മുതല്‍ ഷിന്ദേ വിഭാഗം കടുത്ത അതൃപ്തിയിലായിരുന്നു. രണ്ടിടങ്ങളിലും തങ്ങളുടെ മന്ത്രിമാര്‍ക്ക് ചുമതല നല്‍കണമെന്ന് ഷിന്ദേ വിഭാഗം ആവശ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച് 2027ല്‍ കുംഭമേളയ്ക്ക് നാസിക് വേദിയാകുന്ന സാഹചര്യത്തില്‍.

ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ നടന്ന കുംഭമേളയുടെ അവലോകന യോഗവും ഷിന്ദേ ബഹിഷ്‌കരിച്ചിരുന്നു. തുടര്‍ന്ന് സ്വന്തം നിലയില്‍ അവലോകന യോഗം നടത്തുകയും ചെയ്തിരുന്നു.
 

Content Highlights: Fadnavis Vs Shinde? Y+ Security Withdrawn For 20 Sena MLAs In Maharashtra's Latest Political Twist