ഇന്ധനവിലയില്‍ പ്രതികരിച്ചില്ല; ബച്ചന്റെയും അക്ഷയ് കുമാറിന്റെയും ഷൂട്ടിങ് തടയാന്‍ കോണ്‍ഗ്രസ്

അമിതാഭ് ബച്ചന്‍, അക്ഷയ്കുമാര്‍ | Photo: AFP,Mathrubhumi
അമിതാഭ് ബച്ചന്‍, അക്ഷയ്കുമാര്‍ | Photo: AFP,Mathrubhumi

മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും ഷൂട്ടിങ് തടയുമെന്ന ഭീഷണിയുമായി മഹാരാഷ്ട കോണ്‍ഗ്രസ്. സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെയാണ്  ഭീഷണിയുമായി രംഗത്തെത്തിയത്. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നിട്ടും ഇരുവരും പ്രതികരിക്കാതെ നിശബ്ദത പാലിക്കുന്നതാണ് നാന പടോലയെ ചൊടിപ്പിച്ചത്.

യുപിഎ ഭരണകാലത്ത് ഇന്ധന വില  ഉയര്‍ന്നപ്പോള്‍ അമിതാഭ് ബച്ചനും അക്ഷയ്കുമാറും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നാന പടോലെയുടെ ഭീഷണി. മോദി സര്‍ക്കാര്‍ പെട്രോള്‍ വില ദിവസേന ഉയര്‍ത്തുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ഇരുവര്‍ക്കും ഭയമാണെന്ന് നാന പടോലെ ആരോപിച്ചു. 

ഇന്ധനവിലയിലെ വര്‍ദ്ധനവ് സാധാരണക്കാരന്റെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ രാജ്യവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ബച്ചന്റെയും അക്ഷയുടെയും സിനിമാ ചിത്രീകരണം തടയുമെന്നും മുംബൈയില്‍ ചിത്രീകരണം അനുവദിക്കില്ലെന്നും നാന പടോലെ  വ്യക്തമാക്കി.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ധന വില 100 കടന്നു. മുംബൈയില്‍ 96.32 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 87.32 രൂപയും ആണ് വില.

Content Highlight: Maharashtra Congress threatens Amitabh bachchan and Akshay Kumar

Content Highlights: