ട്രക്ക് നാല് വാഹനങ്ങളില്‍ ഇടിച്ചശേഷം ഹോട്ടലിലേക്ക് പാഞ്ഞുകയറി; 15 മരണം | VIDEO

ട്രക്ക് അപകടം നടന്നസ്ഥലം | Photo: PTI
ട്രക്ക് അപകടം നടന്നസ്ഥലം | Photo: PTI

മുംബൈ: മഹാരാഷ്ട്രയിലെ ധുലെയില്‍ ഹോട്ടലിലേക്ക് ട്രക്ക് പാഞ്ഞുകയറി 15 പേര്‍ മരിച്ചു. 20-ഓളം പേര്‍ക്ക് പരിക്ക്‌. മുംബൈ- ആഗ്ര ഹൈവേയില്‍ പലാസ്‌നേര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. നാല് വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് ട്രക്ക് ഹോട്ടലിലേക്ക് പാഞ്ഞുകയറിയത്.

ബ്രേക്ക് തകരാറിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് നിഗമനം. രണ്ട് ഇരുചക്ര വാഹനങ്ങളിലും ഒരു കാറിലും മറ്റൊരു  കണ്ടെയ്‌നറിലും ഇടിച്ച ശേഷമാണ്  ബസ് സ്റ്റോപ്പിന് സമീപമുള്ള ഹോട്ടലിലേക്ക് പാഞ്ഞുകയറിയത്. തുടര്‍ന്ന് ട്രക്ക് തലകീഴായി മറഞ്ഞു.

മധ്യപ്രദേശില്‍നിന്ന് ധുലെയിലേക്ക് വരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ബസ് സ്റ്റോപ്പില്‍ ബസ് കാത്തിരിക്കുന്നിവരില്‍ ചിലരും മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവര്‍ ശിര്‍പുരിലേയും ധുലെയിലേയും ആശുപത്രികളില്‍ ചികിത്സയിലാണ്.

Content Highlights: Maharashtra 15 killed 20 injured road accident truck rammed to hotel two wheeler car container