കോയമ്പത്തൂർ ഈശ യോഗ സെന്ററിൽ മഹാശിവരാത്രി ആഘോഷം ഫെബ്രുവരി 15 ന്

കേരളത്തിലുടനീളമുള്ള 29 പ്രമുഖ ക്ഷേത്രങ്ങളിൽ കോയമ്പത്തൂർ ഈശ യോഗ സെന്ററിൽ നിന്നുള്ള മഹാശിവരാത്രി ആഘോഷങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നു. ഫെബ്രുവരി 15-ന്, സദ്ഗുരുവിനൊപ്പം രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ഈ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ കേരളത്തിലെ ഭക്തർക്ക് അവസരമൊരുങ്ങും. കൂടാതെ, ഇതിൽ 12 ക്ഷേത്രങ്ങളിൽ വെച്ച് ഭക്തർക്ക് 'രുദ്രാക്ഷ ദീക്ഷ' സ്വീകരിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

 സദ്ഗുരുവിന്റെ നേതൃത്വത്തിൽ ഭക്തിയും സംഗീതവും ധ്യാനവും ഒന്നിക്കുന്ന രാത്രിയുടനീളമുള്ള ഈ ആഘോഷം, നൂറിലധികം ടിവി ചാനലുകളിലൂടെയും ഡിജിറ്റൽ സ്ട്രീമുകളിലൂടെയും 24 ഇന്ത്യൻ-വിദേശ ഭാഷകളിലായി 14 കോടിയിലധികം ആളുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഫെബ്രുവരി 15 ന് ധ്യാനലിംഗത്തിൽ നടക്കുന്ന പഞ്ചഭൂത ആരാധനയോടെ ആഘോഷങ്ങൾ ആരംഭിക്കുന്നു. 15-ാം തീയതി രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് ലിംഗഭൈരവി മഹായാത്രയാണ്.മഹാശിവരാത്രി പ്രമാണിച്ച്, ഈശ യോഗ സെന്ററിലെ ധ്യാനലിംഗ ക്ഷേത്രവും ലിംഗഭൈരവി ദേവിയുടെ സന്നിധിയും രാത്രി മുഴുവൻ ഭക്തർക്കായി തുറന്നിരിക്കും.

ഈ രാത്രിയിലെ പ്രധാന ആകർഷണം 112 അടി ഉയരമുള്ള ആദിയോഗി പ്രതിമയെ ജീവസുറ്റതാക്കുന്ന 'ആദിയോഗി ദിവ്യദർശനം' എന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയാണ്.

പുരാതനവും ആധുനികവുമായ സംഗീത ശൈലികൾ സമന്വയിക്കുന്ന വൈവിധ്യമാർന്ന പ്രകടനങ്ങളാൽ ഈ രാത്രി താളാത്മകമാകും. ഗുജറാത്തി നാടൻ പാട്ടുകളുടെ തനിമയും ആവേശവും പകരുന്ന ആദിത്യ ഗാധ്വിയുടേയും, പരമ്പരാഗത-നാടൻ വാദ്യമേളങ്ങളുടെ ഇടിമുഴക്കം തീർക്കുന്ന പ്രശാന്ത് സോനാഗ്രയുടേയും സംഘത്തിന്റെയും പ്രകടനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈശയുടെ സ്വന്തം സംഗീത ബാൻഡായ സൗണ്ട്സ് ഓഫ് ഈശ, സ്വരൂപ് ഖാൻ, ബ്ലേസ്, പാരഡോക്‌സ് എന്നിവരോടൊപ്പം കലാകാരന്മാരായ സ്വാഗത് റാത്തോഡ്, പൃഥ്വി ഗന്ധർവ് എന്നിവരുമായി ചേർന്ന് നാടൻ പാട്ടുകളുടെയും ആധുനിക സംഗീതത്തിന്റെയും മനോഹരമായ ഒരു ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കും

അർദ്ധരാത്രിയിൽ, സദ്ഗുരു എല്ലാവരെയും 'മഹാമന്ത്ര' ദീക്ഷയിലേക്ക് നയിക്കും. തുടർന്ന് ബ്രഹ്‌മമുഹൂർത്തത്തിൽ (പുലർച്ചെ 3:40-ന്), ആ രാത്രിയിലെ സവിശേഷമായ ഗ്രഹസ്ഥാനങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഒരു ശക്തമായ ധ്യാനത്തിന് അദ്ദേഹം നേതൃത്വം നൽകും.

12 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി ഫെബ്രുവരി 15-ന് ഇന്ത്യൻ സമയം വൈകുന്നേരം 6 മണി മുതൽ സദ്ഗുരുവിന്റെ യൂട്യൂബ് ചാനലുകളിലും പ്രധാന മാധ്യമ ശൃംഖലകളിലും 24 ഭാഷകളിലായി തത്സമയം സംപ്രേക്ഷണം ചെയ്യും. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക മഹാശിവരാത്രി വെബ്‌പേജിൽ ലഭ്യമാണ്.

Content Highlights: Experience Maha Shivratri with Sadhguru at Isha Coimbatore on Feb 15