നീലഗിരിയാത്രക്കാര്‍ പ്ലാസ്റ്റിക് നിരോധനം ലംഘിച്ചാല്‍ വാഹനം കണ്ടുകെട്ടണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: നീലഗിരിയിലേക്കുള്ള യാത്രക്കാരില്‍ ഒരാളെങ്കിലും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൈവശംവെച്ചതായി കണ്ടാല്‍ അയാള്‍ യാത്രചെയ്ത ബസ്സോ ടൂറിസ്റ്റ് വണ്ടിയോ കണ്ടുകെട്ടുകയും പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരം കര്‍ശന നടപടികള്‍കൊണ്ടുമാത്രമേ നീലഗിരിയില്‍ പ്ലാസ്റ്റിക് നിരോധനം പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ എന്ന് ജസ്റ്റിസ് എന്‍. സതീഷ്‌കുമാറും ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തിയുമടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.
വെള്ളക്കുപ്പികള്‍ ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നീലഗിരിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു ഇത്. നിരോധനം ഫലപ്രദമായി നടപ്പാകുന്നുണ്ടോ എന്ന വിഷയം പരിഗണിക്കവേയാണ് ഹൈക്കോടതി ജില്ലാകളക്ടര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയത്.
നീലഗിരിയിലേക്കുള്ള വാഹനങ്ങളിലുള്ളവര്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൈവശം വെക്കുന്നതായി കണ്ടാല്‍ വാഹന ഉടമക്ക് 10,000 രൂപ പിഴ ഈടാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കളക്ടര്‍ ലക്ഷ്മി ഭവ്യ തണ്ണീര് അറിയിച്ചു. തെറ്റ് ആവര്‍ത്തിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കും. ഗതാഗതസ്തംഭനം ഉണ്ടാകുമെന്നതുകൊണ്ട് മുഴുവന്‍ വണ്ടികളും തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നത് പ്രാവര്‍ത്തികമല്ലെന്ന് അവര്‍ അറിയിച്ചു. വാഹനങ്ങള്‍ പരിശോധിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
യാത്രക്കാര്‍ക്കായി സ്ഥാപിച്ച കുടിവെള്ള എ.ടി.എമ്മുകളുടെ എണ്ണം സംബന്ധിച്ച് തെറ്റായ കണക്കു നല്‍കിയ കളക്ടറെ കോടതി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ച കളക്ടര്‍ വാട്ടര്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തനക്ഷമമായി നിലനിര്‍ത്തുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്ന് അറിയിച്ചു. എ.ടി.എമ്മില്‍ നാണയമിടേണ്ട ദ്വാരത്തില്‍ സാമൂഹികദ്രോഹികള്‍ ബബിള്‍ഗമ്മും കല്ലും ഇടുന്നതാണ് പ്രശ്‌നം. യു.പി.ഐ. സ്‌കാനുള്ള വാട്ടര്‍ എ.ടി.എമ്മുകളും ആര്‍.ഒ. ഫില്‍റ്ററുകളും സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കളക്ടര്‍ അറിയിച്ചു.
Content Highlights: Madras HC orders seizure of vehicles carrying banned plastic items to Nilgiris