‘സ്ത്രീകളും കുട്ടികളും മരിച്ചുകിടക്കുമ്പോൾ നേതാവ് ഓടിയൊളിച്ചു’; വിജയ്ക്കെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി

വിജയ് | Photo: PTI
വിജയ് | Photo: PTI

ചെന്നൈ: കരൂർ ദുരന്തം മനുഷ്യനിർമ്മിതമെന്ന് മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ ടിവികെ നേതാവും നടനുമായി വിജയ്ക്കെതിരേ രൂക്ഷവിമർശനവും കോടതി നടത്തി. രണ്ടുപേരെ മാത്രമേ സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ആരാണ് ഉത്തരവാദി? നേതാവായ വിജയ് അപ്രത്യക്ഷനായി. ജനങ്ങളെ സഹായിക്കാൻ ആരും ഉണ്ടായില്ലെന്നും ഹൈക്കോടതി വിമർശിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചു. നോർത്ത് സോൺ ഐജിക്കാണ് കേസന്വേഷണ ചുമതല.

41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി അപലപിച്ചു. തന്നെ കാണാനായി തടിച്ചു കൂടിയ നിരപരാധികളായ ജനങ്ങളെ ഉപേക്ഷിച്ച് വിജയ് സംഭവസ്ഥലത്ത് നിന്ന്അപ്രത്യക്ഷനായെന്നും ജസ്റ്റിസ് സെന്തിൽ കുമാർ വിമർശിച്ചു. അദ്ദേഹത്തിന്‍റെ നേതൃഗുണമില്ലായ്മയാണ് ഇത് കാണിക്കുന്നതെന്നും ഈ പ്രവൃത്തി നിർഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു. 

ഇതൊരു മനുഷ്യനിർമ്മിത ദുരന്തമാണ്. കോടതിക്ക് കണ്ണടച്ചിരിക്കാനും മൂകസാക്ഷിയാകാനുമാകില്ല. ലോകം മുഴുവൻ സാക്ഷിയാണ്. സംഘാടകർ എന്ന നിലയിൽ ഒരു ഉത്തരവാദിത്വം ഇല്ലേയെന്നും കോടതി ചോദിച്ചു.

നടനും രാഷ്ട്രീയക്കാരനുമായ വിജയിയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി. ദുരന്തം കൈകാര്യം ചെയ്ത രീതി തെറ്റായിപ്പോയെന്നും കോടി വിമർശിച്ചു. ‘എന്ത് നടപടിയാണ് നിങ്ങൾ സ്വീകരിച്ചത്. ഇത് സംഭവിക്കാൻ നിങ്ങൾ അനുവദിച്ചു, ഇപ്പോൾ പറയുന്നു, രണ്ടുപേരെ അറസ്റ്റ് ചെയ്തെന്ന്. ആരാണ് ഇതിനൊക്കെ ഉത്തരവാദി. നേതാവ് വിജയ് അപ്രത്യക്ഷനായി, മാഞ്ഞുപോയി. ജനങ്ങളെ സഹായിക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല’, കോടതി ചൂണ്ടിക്കാട്ടി.

ക്യാമ്പയിൻ ബസിന്റെ ടയറിനടിയിൽ ഇരുചക്രവാഹനം പെടുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. എന്നാൽ ബസ് നിർത്തുന്നില്ല. ഇത് വെറുമൊരു ആക്സിഡന്റ് അല്ല. എന്തുകൊണ്ട് അത്തരത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്തില്ല എന്നും ജസ്റ്റിസ് സെന്തിൽ കുമാർ ചോദിച്ചു. പരിപാടിയുടെ സംഘാടകരോട് സർക്കാർ കരുണകാണിക്കുന്നതായി തോന്നുന്നുവെന്നും കോടതി വിമർശിച്ചു.

ഇത് ഏത് തരം പാർട്ടിയാണ്. പാർട്ടിയിലുള്ള എല്ലാവരും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. പാർട്ടി നേതാവും അപ്രത്യക്ഷനായി. കുട്ടികളും സ്ത്രീകളും മരിച്ചു കിടക്കുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പ്രവൃത്തിയെ അതിശക്തമായി കോടതി അപലപിക്കുന്നു. ഒരു പശ്ചാത്താപം പോലും പാർട്ടി പ്രകടിപ്പിച്ചില്ല. ഇത് ഒരു നേതാവിന്റെ മാനസികാവസ്ഥയേയാണ് പ്രതിഫലിക്കുന്നതെന്ന് കോടതിവിമർശിച്ചു.

Content Highlights: Madras High Court terms Karur tragedy man-made, severely criticizes actor-politician Vijay & TVK party for lack of accountability and failure to assist victims