മധ്യപ്രദേശിലെ കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ മരവിപ്പിച്ചു, പ്രതിഷേധം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: റോയിട്ടേഴ്സ്
പ്രതീകാത്മക ചിത്രം | ഫോട്ടോ: റോയിട്ടേഴ്സ്

ഭോപ്പാൽ: മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ ആദിവാസി കുട്ടികൾ മരിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത മൂന്ന് സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ തിങ്കളാഴ്ച ഇൻസ്റ്റാഗ്രാം താൽക്കാലികമായി സസ്പെൻഡ് ചെയ്തു. മോനിക സിങ്, ബിന്ദു ഗുർജാർ, ലോക്ഭദ്ര സിങ് എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും മാധ്യമപ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതിനെ അപലപിക്കുകയും ചെയ്തു. പിന്നീട്, ബുധനാഴ്ച രാവിലെയോടെ ഈ അക്കൗണ്ടുകൾ വീണ്ടും ഓൺലൈനിൽ ലഭ്യമായിട്ടുണ്ട്.

മൂന്ന് മാസത്തിനിടെ മുപ്പതോളം കുട്ടികൾ മരിച്ച സംഭവമാണ് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തത്. മേഖലയിൽ അഞ്ചാംപനിയും മലേറിയയും പൊട്ടിപ്പുറപ്പെട്ടത് രണ്ടുമാസത്തിനു ശേഷമാണ് അധികൃതർക്ക് കണ്ടെത്താൻ കഴിഞ്ഞതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബൈഗ, ഗോണ്ട് ഗോത്രവിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണ് മരിച്ചവരിൽ ഏറെയും. കുട്ടികളുടെ മരണം സംബന്ധിച്ച റിപ്പോർട്ടുകൾക്കപ്പം ആദിവാസി ഗ്രൂപ്പുകൾ നടത്തുന്ന പ്രതിഷേധങ്ങൾ, ആശുപത്രി ഭരണത്തിലെ വീഴ്ചകൾ, മേഖലയിലെ ആശാ വർക്കർമാരുടെ പ്രയാസങ്ങൾ തുടങ്ങിയവയും ഈ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു.

പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ ഭയപ്പെടുത്താനും നിശബ്ദരാക്കാനുമുള്ള ശ്രമങ്ങളിൽ ചൊവ്വാഴ്ച പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതിനെ അപലപിക്കുകയും ചെയ്തു.

പ്രാദേശിക അധികാരികളെ സ്വകാര്യമായി കാണാൻ ബാലാഘട്ട് ജില്ലാ ഉദ്യോഗസ്ഥരിൽനിന്ന് മാധ്യമപ്രവർത്തകർക്ക് തുടർച്ചയായി സമ്മർദ്ദമുണ്ടായിരുന്നതായും പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പ്രസ്താവനയിൽ പറയുന്നു. വിസമ്മതിച്ച മാധ്യമപ്രവർത്തകരോട് ഹോട്ടൽ മുറികൾ ഒഴിയാൻ ആവശ്യപ്പെട്ടതായും പോലീസ് ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചതായും പ്രസ്താവനയിൽ ആരോപിക്കുന്നു. വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

മധ്യപ്രദേശിലെ ബിജെപി സർക്കാർ സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ നിശബ്ദമാക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. 'മധ്യപ്രദേശിലെ ആരോഗ്യസംവിധാനത്തിന്റെ തകർച്ചയ്ക്കും മരണങ്ങൾക്കും മറുപടി നൽകുന്നതിന് പകരം, സത്യം റിപ്പോർട്ട് ചെയ്യാൻ ധൈര്യപ്പെട്ടവരെയാണ് ബിജെപി സർക്കാരുകൾ ലക്ഷ്യമിടുന്നത്,' സോഷ്യൽ മീഡിയ പോസ്റ്റിൽ യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

Content Highlights: Instagram temporarily suspended accounts of three independent journalists reporting on tribal children deaths in Balaghat, Madhya Pradesh., Around 30 children died over three months due to measles and malaria outbreaks, with administrative failure highlighted in reports., Press Club of India condemned the suspension and intimidation by local authorities., Congress accused the BJP government of trying to suppress independent journalism and failing healthcare systems.