‘40-കാരനായ ഭർത്താവിനൊപ്പം ജീവിക്കാനാകില്ല’; 19-കാരിയെ കാമുകനൊപ്പം പോകാൻ അനുവദിച്ച് കോടതി

ഭോപ്പാൽ: നാൽപ്പതുവയസ്സുള്ള ഭർത്താവിനൊപ്പം ജീവിക്കാനാകില്ലെന്നും കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും അറിയിച്ച 19-കാരിയുടെ ആവശ്യം അംഗീകരിച്ച് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ച് ആണ് 19 വയസ്സുകാരിയെ കാമുകനൊപ്പം പോകാൻ അനുവദിച്ചത്. പ്രായപൂർത്തിയായ ഒരാൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി യുവതിയുടെ ആവശ്യം അംഗീകരിച്ചത്.
19 വയസ്സുള്ള ഭാര്യയെ അനുജ്കുമാർ എന്നയാൾ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഭർത്താവായ അവ്‌ധേഷ്(40) നേരത്തേ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം പോലീസ് യുവതിയെ കണ്ടെത്തുകയും 'വൺസ്‌റ്റോപ്പ്' സെന്ററിലേക്ക് മാറ്റുകയുംചെയ്തു. പിന്നാലെ കോടതിയിലും ഹാജരാക്കി.
യുവതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഭർത്താവും മാതാപിതാക്കളും കാമുകനായ അനുജ്കുമാറും ഹാജരായിരുന്നു. തുടർന്നാണ് തനിക്ക് കാമുകനൊപ്പം ജീവിക്കാനാണ് ഇഷ്ടമെന്ന് യുവതി കോടതിയെ അറിയിച്ചത്. ഭർത്താവുമായി തനിക്ക് 21 വയസ്സ് വ്യത്യാസമുണ്ട്. 40 വയസ്സുള്ള ഭർത്താവുമായുള്ള ജീവിതം ഒരിക്കലും തൃപ്തികരമായിരുന്നില്ല. ഭർത്താവുമായുള്ള ജീവിതത്തിൽ സന്തോഷവതിയായിരുന്നില്ലെന്നും മോശമായാണ് ഭർത്താവ് പെരുമാറിയിരുന്നതെന്നും യുവതി പറഞ്ഞു. കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന വാദത്തിൽ യുവതി ഉറച്ചുനിൽക്കുകയുംചെയ്തു. ഇതോടെയാണ് യുവതിയെ കാമുകനൊപ്പം പോകാൻ ഹൈക്കോടതി അനുവദിച്ചത്.
നേരത്തേ യുവതിയുടെ തീരുമാനം പുനഃപരിശോധിക്കാനായി കോടതി കൗൺസിലിങ് ഉൾപ്പെടെ നിർദേശിച്ചിരുന്നു. കൗൺസിലിങ്ങിന് ശേഷവും യുവതി തന്റെ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് കാമുകനൊപ്പം പോകാൻ അനുവാദം നൽകിയത്. 19-കാരിയുടെ ഇഷ്ടത്തിനാണ് പ്രാധാന്യം. അവർക്ക് നിയമപരമായി യാതൊരു നിയന്ത്രണങ്ങളുമില്ല. മുതിർന്ന ഒരാൾക്ക് ആരോടൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. യുവതിയെ സംരക്ഷിക്കാമെന്നും സുരക്ഷ ഉറപ്പാക്കാമെന്നും കാമുകനായ അനുജ്കുമാറും കോടതിയെ അറിയിച്ചു.
അതേസമയം, കാമുകനൊപ്പം ജീവിക്കാൻ അനുവദിച്ചെങ്കിലും ആറുമാസത്തേക്ക് യുവതിയെ നിരീക്ഷിക്കാനും ഇവരുമായി നിരന്തരസമ്പർക്കം പുലർത്തി സുരക്ഷിതത്വം ഉറപ്പുവരുത്താനും ഒരു വനിതാ ഉദ്യോഗസ്ഥയെയും കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.
Content Highlights: The 2026 court ruling reaffirms that an adult (19 years old) has the legal autonomy to choose their partner., The court rejected the husband's plea, prioritizing the woman's stated preference and well-being., A mandatory six-month monitoring period by a female official has been ordered to ensure safety., The judiciary emphasized that the woman's personal choice outweighs familial or marital objections.