നിര്‍ബന്ധ മതപരിവര്‍ത്തനം തടയുന്നതിനുളള ബില്‍ മധ്യപ്രദേശ് മന്ത്രിസഭ പാസ്സാക്കി

ഭോപ്പാല്‍: നിര്‍ബന്ധ മതപരിവര്‍ത്തനം തടയുന്നതിനുളള ബില്‍ മധ്യപ്രദേശ് മന്ത്രിസഭ ശബ്ദവോട്ടോടെ പാസാക്കി. 'ധര്‍മ സ്വാതന്ത്ര്യ ബില്‍ 2020' എന്നാണ് ബില്ലിന്റെ പേര്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്ലിന് നിയമസഭയുടെ അംഗീകാരം ലഭിച്ചാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം പരമാവധി പത്തുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായി മാറും. 

നിയമം പ്രാബല്യത്തില്‍വരുന്നതോടെ പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ എന്നിവരെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയതാണെന്ന് തെളിഞ്ഞാല്‍ പത്തുവര്‍ഷം വരെ തടവ് ലഭിച്ചേക്കാം. മതപരിവര്‍ത്തനം ലക്ഷ്യമിട്ടുകൊണ്ടുളള വിവാഹങ്ങള്‍ അസാധുവായി പരിഗണിക്കും. തെറ്റിദ്ധരിപ്പിച്ചുകൊണ്ടോ വിവാഹത്തത്തിലൂടെയോ വശീകരിച്ചോ ഭീഷണിപ്പെടുത്തിയോ മതപരിവര്‍ത്തനം നടത്തുന്നത് തടയുക എന്നുളളതാണ് ധര്‍മ സ്വാതന്ത്ര്യ ബില്‍ 2022-ലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിയമം വരുന്നതോടെ യഥാര്‍ഥത്തില്‍ മതപരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുവര്‍ രണ്ടുമാസം മുമ്പ് ജില്ലാ ഭരണകൂടത്തിന് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കേണ്ടതായിവരും. മാസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമാനമായ നിയമം പാസാക്കിയിരുന്നു. അതിനെ പിന്‍പറ്റിയാണ് ഉത്തര്‍പ്രദേശും മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്നത്. 

Content Highlights: Madhya Pradesh Govt passes Anti conversion bill

Content Highlights: