പരാതിയും പരിഭവവും ഉണ്ടായാലും സിപിഎമ്മുകാർ പാർട്ടിക്കെതിരായി വോട്ട് ചെയ്യാൻ പാടില്ല-എം.എ.ബേബി

#ന്യൂസ് ഡെസ്ക്
സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി (ഫയല്‍) |ഫോട്ടോ:മാതൃഭൂമി
സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി (ഫയല്‍) |ഫോട്ടോ:മാതൃഭൂമി

ന്യൂഡൽഹി: തീരുമാനങ്ങളിൽ പരാതിയും പരിഭവവും ഉണ്ടെങ്കിലും സിപിഎമ്മുകാർ പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിക്ക് തന്നെ വോട്ട് ചെയ്യണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. തളിപ്പറമ്പിലും പയ്യന്നൂരിലും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പറഞ്ഞതിനെ പിന്തുണച്ചുകൊണ്ടായിരുന്നു ബേബിയുടെ പ്രതികരണം.

'കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കൾ വിശദീകരിച്ചത് പോലെ പാർട്ടിക്കൊപ്പം നിൽക്കുക എന്ന ഉത്തരവാദിത്വത്തിൽ ഏത് സാഹചര്യത്തിലും വ്യതിചലിച്ച് പോകാൻ പാടില്ല. അത് തെറ്റാണ്. അങ്ങനെയൊരു തെറ്റായ നിലപാടിലേക്ക് അവർ പോകുന്നതിന് കാരണമായ പരാതിയുണ്ടെങ്കിൽ പാർട്ടിക്കുള്ളിലാണ് പറയേണ്ടത്. തെറ്റുകൾ ഏറ്റ് പറയാനും തിരിച്ചറിയാനും കഴിയുന്ന പാർട്ടിയാണ് സിപിഎം' എം.എ.ബേബി പറഞ്ഞു.

പാർട്ടിക്കെതിരായി സഖാക്കൾ വോട്ട് ചെയ്താൽ അത് പാർട്ടിയുടെ ഭരണഘടനാ ലംഘനമാണെന്നും സിപിഎം ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.

'സിപിഎമ്മിന് വോട്ട് ചെയ്തുകൊണ്ടിരുന്ന കുറേ അധികം ആളുകൾ ഈ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ടു ചെയ്തില്ല. എതിരായി മത്സരിച്ചവർക്ക് വോട്ട് ചെയ്തു. അങ്ങനെ വോട്ട് ചെയ്യാൻ പാടുണ്ടോ...' ബേബി ചോദിച്ചു. പാർട്ടി ഭരണഘടനയിൽ ഒരു പ്രതിജ്ഞയുണ്ട്..സർവ്വതിലും ഉപരിയായി പാർട്ടി താത്പര്യമാണ് ഞങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന് ഓരോ പാർട്ടി അംഗവും പ്രതിജ്ഞയെടുക്കണം. പാർട്ടി നിശ്ചയിച്ച സ്ഥാനാർഥികളെ കുറിച്ചൊക്കെ സഖാക്കൾക്ക് പരാതിയും പരിഭവവും ഉണ്ടാകാം. പക്ഷേ പരാതിയോ പരിഭവമോ പാർട്ടിക്കെതിരായ വോട്ട് ചെയ്യുന്നതിലേക്ക് പോകാൻ പാടില്ല. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും ബേബി പറഞ്ഞു.

കോഴിക്കോട് നടക്കുന്ന സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഒമ്പത് പോളിറ്റ്ബ്യൂറോ അംഗങ്ങൾ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചർച്ച കേൾക്കാനും വിലയിരുത്താനുമാണ് പിബി നേതാക്കൾ വരുന്നത്. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗങ്ങൾ നടത്തുന്നത് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടിട്ടല്ല. സംസ്ഥാന കമ്മിറ്റികൾ ആവശ്യംമുന്നോട്ട് വെച്ചതിനെ തുടർന്നാണ് നടത്തുന്നത്. എന്ത് പ്രവർത്തന പദ്ധതികളാണ് തുടർന്നുള്ള നാളുകളിൽ സ്വീകരിക്കേണ്ടതെന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും. നേതൃമാറ്റമെന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച അജണ്ടയാണ്. പാർട്ടിയുടെ ബലഹീനത പരിഹരിക്കുകയാണ് ഇതിന്റെ അജണ്ട. പാർട്ടിക്ക് തിരിച്ചുവരാനുള്ള നീക്കത്തിനാണ് ഈ നടപടിയെന്നും ബേബി പറഞ്ഞു.

Content Highlights: CPM General Secretary M.A. Baby emphasizes that party cadres must vote for official candidates despite grievances. Read the full report and CTA.