ലൗലി സർവകലാശാലയിലെ സംഘർഷം: വ്യാജ സന്ദേശത്തിന് പിന്നിലെ ഗൂഢാലോചനയുടെ ഉറവിടം തേടി പോലീസ്

#മാതൃഭൂമി ന്യൂസ്
ലൗലി സർവകലാശാലയിലെ സംഘർഷത്തിൽ നിന്ന് | Photo: PTI
ലൗലി സർവകലാശാലയിലെ സംഘർഷത്തിൽ നിന്ന് | Photo: PTI

പാട്യാല: പഞ്ചാബിലെ ലൗലി സർവകലാശാലയിൽ നടന്ന സംഘർഷത്തിലേക്ക് നയിച്ച വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. സംഘർഷത്തെ തുടർന്ന് ക്യാമ്പസിലെ ക്ലാസുകൾ പൂർണമായി നിർത്തിവെക്കുകയും ഓൺലൈനിലേക്ക് മാറ്റുകയും കോളേജ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രിയോടു കൂടി ക്യാമ്പസിലെ സ്ഥിതിഗതികൾ സമാധാനപൂർണമായ അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്.

സംഘർഷത്തിന് പിന്നിൽ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. സംഘർഷ സമയത്ത് മാസ്ക് ധരിച്ച എട്ടോളം പേർ ക്യാമ്പസിന് പുറത്തുനിന്ന് വന്നു കയറിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്യാമ്പസിന് പുറത്തുനിന്നുള്ളവരുടെ സാന്നിധ്യവും പോലീസിന്റെ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

സംഘർഷങ്ങൾ ആരംഭിക്കുന്നതിന് നാലു ദിവസം മുൻപ് 'റെഡിറ്റ്' എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ പോസ്റ്റിന്റെ ഉറവിടവും ഐപി അഡ്രസ്സും കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. സന്ദേശത്തിന്റെ ഉറവിടം മാത്രമല്ല, ഈ പ്രചാരണം പങ്കുവെച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സന്ദേശം പ്രചരിപ്പിച്ച ചില ആളുകളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചിട്ടുണ്ടെന്നും സംഘർഷ സമയത്ത് ഇവർ ക്യാമ്പസിൽ ഉണ്ടായിരുന്നോ എന്നടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.