'വായിൽ നുണയുടെ ചോര, കോൺഗ്രസ് നരഭോജിയെപ്പോലെ'യെന്ന് മോദി; പ്രതിപക്ഷ ബഹളത്തിൽ കലുഷിതമായി സഭ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ കലുഷിതമായി ലോക്സഭ. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി മറുപടി പ്രസംഗം ആരംഭിച്ചതുമുതൽ പ്രതിപക്ഷം പ്രതിഷേധ മുദ്യവാക്യങ്ങളുമായി സഭയിൽ ബഹളമുണ്ടാക്കി. മണിപ്പുർ... മണിപ്പുർ... മുദ്രാവാക്യം ഉയർത്തി പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഉടനീളം പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി.
കോൺഗ്രസിനെതിരെയും പ്രതിപക്ഷ സഖ്യത്തിനെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചതോടെ പ്രതിഷേധ മുദ്രാവാക്യമുയർത്തി പ്രതിപക്ഷം തിരിച്ചടിച്ചു. മണിപ്പൂരിന് നീതി നൽകൂവെന്നും, വീ വാണ്ട് ജസ്റ്റിസ് തുടങ്ങിയ മുദ്യവാക്യങ്ങളുയർത്തി പ്രതിപക്ഷം സഭ ശബ്ദകലുഷിതമാക്കി. ഭാരത് ജോഡോ മുദ്യവാക്യങ്ങളും സഭയിൽ മുഴങ്ങി.
പ്രതിപക്ഷ എംപിമാർ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധം ആരംഭിച്ചതോടെ സ്പീക്കർ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചു. ഇന്നലെ, ഞാൻ നിങ്ങളെ 90 മിനിറ്റ് സംസാരിക്കാൻ അനുവദിച്ചുവെന്നും ആരും നിങ്ങളെ തടഞ്ഞില്ലെന്നും പറഞ്ഞ ബിർള ഇത്തരത്തിൽ പെരുമാറരുതെന്നും ശാസിച്ചു. എന്നാൽ, പ്രതിപക്ഷം മുദ്രവാക്യമുയർത്തുന്നത് തുടർന്നു.
അരാജകത്വം പ്രചരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കോൺഗ്രസ് നരഭോജിയെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു. കോൺഗ്രസ് നുണകളെ രാഷ്ട്രീയ ആയുധമാക്കി. കോൺഗ്രസിൻ്റെ വായിൽ നുണകൾ പറ്റിപ്പിടിച്ചിരിക്കുകയാണ്. വായിൽ രക്തംപുരണ്ട മൃഗത്തെപ്പോലെ കോൺഗ്രസിൻ്റെ വായിൽ നുണയുടെ ചോര പുരണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സമയമത്രയും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു.
നെഹ്‌റുവിനെതിരെയും പ്രധാനമന്ത്രി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. അംബേദ്കറുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ നെഹ്‌റു തൻ്റെ എല്ലാ ശക്തിയും ഉപയോഗിച്ചുവെന്നും ഗൂഢാലോചനയിലൂടെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തോൽപിച്ചുവെന്നും മോദി പറഞ്ഞു.
Content Highlights: loksabha session modis speech and protest of opposition