രാഹുലിനെ സംസാരിക്കാൻ അനുവദിച്ചില്ല; ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ നീക്കം

ന്യൂഡൽഹി: ലോക്‌സഭയിൽ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി പ്രതിപക്ഷം. ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലാണ് സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകാൻ തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി എംപിമാരുടെ ഒപ്പുശേഖരണം ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിനായിരിക്കും പ്രതിപക്ഷം നോട്ടീസ് കൈമാറുക.
നടപടിക്ക് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ല എന്നതാണ് ഇതിൽ പ്രധാന ആരോപണം. സഭയിൽ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം അവസാനിക്കുന്നതുവരെ (ഏപ്രിൽ 13 വരെ) സസ്പെൻഡ് ചെയ്തതാണ് മറ്റൊരു കാരണം. കൂടാതെ, പ്രധാനമന്ത്രിയെ വനിതാ എംപിമാർ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന ആരോപണത്തിൽ വിശദീകരണം നൽകാൻ രാഹുൽ ഗാന്ധിക്ക് അവസരം നൽകാത്തതും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
തിങ്കളാഴ്ച രാവിലെ സഭ ചേർന്നപ്പോഴും വനിതാ എംപിമാർക്കെതിരായ ആരോപണത്തിൽ വിശദീകരണം നൽകാൻ രാഹുൽ ഗാന്ധിക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അത് അംഗീകരിച്ചില്ല. രാഹുൽ ഗാന്ധിക്ക് മുൻപ് സംസാരിക്കാൻ സമയം നൽകിയിരുന്നു എന്നാണ് സർക്കാർ വാദം. സഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പാസാകാൻ സാധ്യത കുറവാണെങ്കിലും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ഭരണഘടനയുടെ 94, 96 അനുച്ഛേദങ്ങൾ പ്രകാരമാണ് സ്പീക്കർക്കെതിരെ ഇത്തരത്തിൽ അവിശ്വാസ പ്രമേയം നൽകുന്നത്. ഇതിനായി 14 ദിവസത്തെ മുൻകൂർ നോട്ടീസ് ആവശ്യമാണ്. സഭയിലെ ആകെ അംഗസംഖ്യയുടെ 50 ശതമാനത്തിലധികം പേരുടെ പിന്തുണ (ഇഫക്റ്റീവ് മെജോറിറ്റി) ഉണ്ടെങ്കിൽ മാത്രമേ പ്രമേയം പാസാക്കാൻ സാധിക്കൂ. ഈ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുന്ന ഘട്ടത്തിൽ സ്പീക്കർക്ക് സഭയിൽ അധ്യക്ഷത വഹിക്കാൻ കഴിയില്ലെന്നും പകരം മറ്റാരെങ്കിലും സഭ നിയന്ത്രിക്കണമെന്നും ഭരണഘടനാ ചട്ടങ്ങൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും പാർലമെൻ്റിലെ ചർച്ചാവേളയിൽ സ്പീക്കർക്ക് തന്റെ ഭാഗം വ്യക്തമാക്കാൻ അവകാശമുണ്ടാകും.
Content Highlights: India bloc plans to move a no-confidence motion against Lok Sabha Speaker Om Birla over alleged procedural disruptions and denial of opportunities for opposition leaders.