മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി ആശുപത്രിയിൽ

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ലാൽ കൃഷ്ണ അദ്വാനിയെ (എൽ.കെ. അദ്വാനി) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയെ തുടർന്നാണ് 98-കാരനായ അദ്വാനിയെ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്വാനി. വിവിധ പരിശോധനകൾ പുരോഗമിക്കുകയാണ്. നെഞ്ചിലെ അണുബാധയ്ക്ക് ചികിത്സ തുടരുകയാണെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് എൽ.കെ. അദ്വാനിയെ ചികിത്സിക്കുന്നത്.
പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം ഈ വർഷം മേയിലും അദ്ദേഹം അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഏതാനും ദിവസങ്ങൾ ആശുപത്രിയിൽ കഴിഞ്ഞ ശേഷം അദ്വാനിയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. അതിന് മുമ്പ് 2024 ഡിസംബറിലും അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കും പരിശോധനകൾക്കുമായാണ് അന്ന് ആശുപത്രിയിലെത്തിച്ചത്. ന്യൂറോളജിസ്റ്റിന്റെ മേൽനോട്ടത്തിലായിരുന്നു ചികിത്സ.
Content Highlights: Senior BJP leader and former Deputy Prime Minister L.K. Advani, 98, was admitted to Apollo Hospital in Delhi on Friday night due to a chest infection, with hospital authorities confirming his condition remains stable.