'മമത പങ്കെടുക്കണം, സത്സമയ സംപ്രേഷണം വേണം'; ചർച്ചയ്ക്ക് ഉപാധികൾ വെച്ച് സമരംചെയ്യുന്ന ഡോക്ടർമാർ

കൊല്‍ക്കത്ത: ആര്.ജി. കര് മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സമരത്തിലേര്‍പ്പെട്ട ജൂനിയര്‍ ഡോക്ടര്‍മാര്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചു. ചര്‍ച്ച തത്സമയം സംപ്രേഷണം ചെയ്യണമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി ചർച്ചയിൽ പങ്കെടുക്കണമെന്നുമുള്ള ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെച്ചത്.
ബുധനാഴ്ച പുലര്‍ച്ചയാണ് സംസ്ഥാന സര്‍ക്കാര്‍ ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ചര്‍ച്ചയ്ക്കായി 12 മുതല്‍ 15 പ്രതിനിധികളെ അയക്കണമെന്നാണ് ചീഫ് സെക്രട്ടറി മനോജ് പന്ത് ആവശ്യപ്പെട്ടത്. ചര്‍ച്ചയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കുമോ എന്നത് സംബന്ധിച്ച് ക്ഷണക്കത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനകം ജോലിയില്‍ പ്രവേശിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ധിക്കരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന സൂചനയും ചീഫ് സെക്രട്ടറി കത്തില്‍ നൽകിയിരുന്നു.
ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ അതിനായി ചില വ്യവസ്ഥകളും മുന്നോട്ടുവെച്ചുകൊണ്ട് വൈകീട്ടോടെ മറുപടിക്കത്ത് നല്കി. നിരവധി മെഡിക്കല്‍ കോളേജുകളിലേയും ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ സമരത്തിലേര്പ്പെട്ടതിനാല് പ്രതിനിധി സംഘത്തില്‍ കുറഞ്ഞത് 30 പേരെങ്കിലും ഉണ്ടാകുമെന്നാണ് സമരക്കാര്‍ അറിയിച്ചത്.
'മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലാകണം ചര്‍ച്ചയെന്നും അത് തത്സമയം സംപേഷണം ചെയ്യണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു' സമരത്തിലേര്‍പ്പെട്ട ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ ആവശ്യങ്ങള്‍ അംഗീകരിച്ചാലേ സംസ്ഥാന സെക്രട്ടറിയേറ്റില്‍ വെച്ച് ചര്‍ച്ച വേണോ അതല്ല മറ്റെവിടെയെങ്കിലും ആക്കണമോ എന്നതില്‍ തീരുമാനമെടുക്കൂവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍, സംസ്ഥാന ആരോഗ്യ സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ എന്നിവരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനത്തിന് മുമ്പിലാണ് ഡോക്ടര്‍മാര്‍ സമരം നടത്തിവരുന്നത്.
Content Highlights: RG Kar standoff deepens-Doctors demand live broadcast and CM's presence as precondition for talks