ഹൈക്കോടതിയിലേക്ക് പോകൂ; റിപ്പബ്ലിക് ടിവിയോട് സുപ്രീം കോടതി

സുപ്രീം കോടതി |  ഫൊട്ടോ : റോയിട്ടേഴ്സ്
സുപ്രീം കോടതി | ഫൊട്ടോ : റോയിട്ടേഴ്സ്

ന്യൂഡല്‍ഹി : ബാര്‍ക്ക് റേറ്റിങ്ങുമായി ബന്ധപ്പെട്ട വിവാദ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ റിപ്പബ്ലിക് ടിവിയുടെ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചില്ല. അന്വേഷണം നേരിടുന്ന മറ്റേതു പൗരനെയും പോലെ ചാനല്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

ഉയര്‍ന്ന പരസ്യ നിരക്ക് ലഭിക്കാനായി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് മുംബൈ പോലീസ് മൂന്ന് ചാനലുകള്‍ക്കെതിരേ അന്വേഷണം നടത്തുന്നുണ്ട്. അതിലൊന്നാണ് റിപ്പബ്ലിക് ടിവി. 

'നിങ്ങള്‍ ഇതിനകം ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അവിടെ കേസ് നിലനില്‍ക്കെ ഈ അപേക്ഷ ഇവിടെ നല്‍കുന്നത് ഹൈക്കോടതികളില്‍ വിശ്വാസമില്ലെന്ന സന്ദേശമാണ് നല്‍കുന്നത്..സിആര്‍പിസി ചാര്‍ജ്ജ് ചെയ്യപ്പെടുന്ന മറ്റേതൊരു പൗരനെയും പോലെ  ഹൈക്കോടതിയെയാണ് നിങ്ങള്‍ സമീപിക്കേണ്ടത്', സുപ്രീം കോടതി പറഞ്ഞു.

കോവിഡ് മഹാമാരിക്കാലത്തും ഹൈക്കോടതി പ്രവര്‍ത്തന സജ്ജമാണെന്നും വോര്‍ളിയില്‍ സ്ഥിതിചെയ്യുന്ന ഹൈക്കോടതിയെ മാധ്യമസ്ഥാപനത്തിന് സമീപിക്കാമെന്നും ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് പറഞ്ഞു.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണര്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതില്‍ റിപ്പബ്ലിക് ടിവിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആശങ്ക പ്രകടിപ്പിച്ചു.

''പോലീസ് കമ്മീഷണര്‍ ഇപ്പോള്‍ ദിവസവും അഭിമുഖം നല്‍കുന്ന പ്രവണതയില്‍ തങ്ങള്‍ക്കും ആശങ്കയുണ്ടെന്ന് കേസിലേക്ക് പോവാതെ ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് പറഞ്ഞു. സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി റിപ്പബ്ലിക് ടിവി ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്.

കേസന്വേഷണം തടയാന്‍ റിപ്പബ്ലിക് ചാനല്‍ ശ്രമം നടത്തുന്നുവെന്നാണ് ചാനല്‍ സമര്‍പ്പിച്ച ഹര്‍ജിയെ ചോദ്യം ചെയ്തു കൊണ്ട് മുംബൈ പോലീസ് പറഞ്ഞത്.

'അന്വേഷണം സിബിഐയിലേക്ക് വിടണമെന്ന റിപ്പബ്ലിക് ടിവിയുടെ ആവശ്യം തെറ്റിദ്ധാരണാജനകമാണ്. ടിആര്‍പി റേറ്റിംഗുകളില്‍ കൃത്രിമം കാണിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണം തടസ്സപ്പെടുത്താന്‍ റിപ്പബ്ലിക് ടിവി ആഗ്രഹിക്കുന്നുണ്ട്. മാധ്യമ വിചാരണ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തിന് എതിരാണ്. റിപ്പബ്ലിക് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി  കേസുമായി ബന്ധപ്പെട്ട് പ്രോഗ്രാമുകളും ചര്‍ച്ചകളും നടത്തുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും" പോലീസ് സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു.

content highlights: Like any other citizens you must go to High court first SC to Republic TV

Content Highlights: