'ആവേശത്തോടെ കാത്തിരിക്കുന്നു',മോദിയുമായുള്ള പോഡ്കാസ്റ്റിനായി ഇന്ത്യയിലെത്തുമെന്ന് ലെക്സ് ഫ്രിഡ്മാന്‍

ലെക്സ് ഫ്രിഡ്മാന്‍, നരേന്ദ്ര മോദി
ലെക്സ് ഫ്രിഡ്മാന്‍, നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പോഡ്കാസ്റ്റ് ഷോയ്ക്കായി ഇന്ത്യയിലെത്തുമെന്ന് പ്രശസ്ത അമേരിക്കന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷകനും പോഡ്കാസ്റ്ററുമായ ലെക്‌സ് ഫ്രിഡ്മാന്‍. ഇതിനായി ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും ചരിത്രപരമായി പ്രാധാന്യമുള്ള ഇന്ത്യന്‍ സംസ്‌കാരത്തെ നേരിട്ടനുഭവിക്കാന്‍ അത്യുത്സാഹത്തോടെ കാത്തിരിക്കുകയാണെന്നും ഫ്രിഡ്മാന്‍ അറിയിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

"ഫെബ്രുവരി അവസാനം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഒരു പോഡ്കാസ്റ്റ് ചെയ്യുന്നുണ്ട്. ഞാനിതുവരെ ഇന്ത്യയില്‍ പോയിട്ടില്ല. അതിനാല്‍ത്തന്നെ ഇന്ത്യ സന്ദര്‍ശിക്കുന്നതിലും ഇന്ത്യയുടെ ഊര്‍ജസ്വലവും ചരിത്രപരവുമായ സംസ്‌കാരത്തേയും ഇന്ത്യന്‍ ജനതയേയും നേരിട്ടനുഭവിച്ചറിയുന്നതില്‍ അത്യന്തം ആവേശഭരിതനായിരിക്കുകയാണ്", ഫ്രിഡ്മാന്‍ കുറിച്ചു. ഫ്രിഡ്മാന്‍റെ പോസ്റ്റിനോട് നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. 

ലോകനേതാക്കളുമായി നടത്തുന്ന സമഗ്രമായ സംഭാഷണങ്ങളുടെ പേരില്‍ ഏറെ പ്രശസ്തനാണ് ഫ്രിഡ്മാന്‍. സാങ്കേതികവിദ്യ, നിര്‍മ്മിതബുദ്ധി, ഡിജിറ്റല്‍ ഭരണസംവിധാനം എന്നീ മേഖലകളില്‍ ഇന്ത്യയുടെ വികസനം, ആഗോളതലത്തിലെ സ്വാധീനം എന്നീ വിഷയങ്ങള്‍ മോദിയും ഫ്രിഡ്മാനുമായുള്ള സംഭാഷണത്തില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോദി അവതരിപ്പിച്ച ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, എഐയില്‍ ഇന്ത്യ കൈവരിച്ച വികസനം തുടങ്ങിയവയും ചര്‍ച്ചയുടെ പ്രധാനവിഷയങ്ങളായിരിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. 

2018 മുതല്‍ പോഡ്കാസ്റ്റ് രംഗത്ത് സജീവമാണ് ഫ്രിഡ്മാന്‍. ശാസ്ത്രം, സാങ്കേതികവിദ്യ, കായികം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തിത്വങ്ങളുമായി ഫ്രിഡ്മാന്‍ ഷോ ചെയ്തിട്ടുണ്ട്. ഇലോണ്‍ മസ്‌ക്, ജെഫ് ബസോസ്, ഡൊണാള്‍ഡ് ട്രംപ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, വൊളോദിമിര്‍ സെലന്‍സ്‌കി തുടങ്ങിയ പ്രമുഖരുമായി ഫ്രിഡ്മാന്‍ നടത്തിയ സംഭാഷണങ്ങള്‍ ഏരെ ശ്രദ്ധ നേടിയവയാണ്. യൂട്യൂബ് ചാനലില്‍ മാത്രം നാലരക്കോടി സബ്‌സ്‌ക്രൈബേഴ്‌സ് ഫ്രിഡ്മാനുണ്ട്. അതുകൊണ്ടുതന്നെ സാമൂഹികമാധ്യമങ്ങളില്‍ ഏറ്റവുമധികംപേര്‍ പിന്തുടരുന്ന മോദിയുമായുള്ള ഫ്രിഡ്മാന്റെ പോഡ്കാസ്റ്റും ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. 
 

Content Highlights: US Podcaster Lex Fridman Says Will Visit India In February To Interview PM Modi