'നിങ്ങൾ ഈ പദവിക്ക് യോഗ്യനല്ല';ചീഫ് ജസ്റ്റിസിനെതിരെ മോശം പരാമർശം നടത്തിയ അഭിഭാഷകനെ കോടതിയിൽനിന്ന് പുറത്താക്കി

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ മോശമായ പരാമർശങ്ങൾ നടത്തിയതിന് അഭിഭാഷകനെ കോടതിമുറിയിൽ നിന്ന് പുറത്താക്കി. നവംബർ 2-ന് തന്റെ കേസ് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ ഓഫീസിൽ സമർപ്പിച്ചിരുന്നുവെന്നും 15 ദിവസമായിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകൻ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് സംഭവം ഉണ്ടായത്. തനിക്കെതിരെയുള്ള കോടതിയലക്ഷ്യ കേസിനെത്തുടർന്നാണ് അഭിഭാഷകൻ അസ്വസ്ഥനായതെന്നാണ് സൂചന.
നടപടിക്രമങ്ങൾക്കിടയിൽ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയതിനെത്തുടർന്ന് കോടതിമുറിയിൽ നിന്ന് അഭിഭാഷകനെ പുറത്താക്കുകയായിരുന്നു. അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ബെഞ്ചിനെ സമീപിച്ച അഭിഭാഷകൻ, ചീഫ് ജസ്റ്റിസിന് സത്യസന്ധതയില്ലെന്നും രാജ്യത്തെ പരമോന്നത നീതിന്യായ പദവി വഹിക്കാൻ അദ്ദേഹം അർഹനല്ലെന്നും ആരോപിച്ചു.
നിശ്ചിത നടപടിക്രമങ്ങൾ പാലിക്കാതെ, ഉച്ചയ്ക്ക് 2 മണിക്കാണ് അഭിഭാഷകൻ ബെഞ്ചിന് മുമ്പാകെ എത്തിയത്. വിഷയം ഉന്നയിക്കുന്നതിൽ ക്ഷമ ചോദിച്ചുകൊണ്ട്, ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചിനോട് രേഖകൾ പരിശോധിക്കാൻ അഭിഭാഷകൻ അഭ്യർത്ഥിച്ചു. 'നവംബർ 2-ന് ജസ്റ്റിസ് സൂര്യ കാന്ത് സാറിന്റെ ഓഫീസിൽ ഈ വിഷയം സമർപ്പിച്ചിരുന്നു. 15 ദിവസമായിട്ടും അദ്ദേഹത്തിൽ നിന്ന് മറുപടിയൊന്നും ലഭിച്ചില്ല. അതുകൊണ്ടാണ് ഈ കോടതിയെ സമീപിക്കാൻ ഞാൻ നിർബന്ധിതനായത്' അഭിഭാഷകൻ പറഞ്ഞു.
ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും നിങ്ങൾക്ക് ഇവിടെ പറയാൻ കഴിയില്ലെന്ന് ഇതോടെ ജസ്റ്റിസ് വി.മോഹന പറഞ്ഞു. എന്നാൽ അഭിഭാഷകൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല; 'ഇതൊരു അടിയന്തര സാഹചര്യമായതുകൊണ്ടാണ് ഞാൻ വന്നത്. ആദ്യം തന്നെ ഞാൻ മാപ്പ് ചോദിച്ചുകൊള്ളട്ടെ. ദയവായി ഈ രേഖകളൊന്ന് പരിശോധിക്കണം' അദ്ദേഹം പറഞ്ഞു. 'നമുക്ക് നോക്കാം, അങ്ങ് അല്പം കാത്തിരിക്കൂ' എന്ന് ചീഫ് ജസ്റ്റിസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ അതിന് വിസമ്മതിച്ച അഭിഭാഷകൻ, ചീഫ് ജസ്റ്റിസിനെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്താൻ തുടങ്ങി. 'ഇല്ല, ഞാൻ കാത്തിരിക്കില്ല. നിങ്ങൾക്ക് ആ കസേരയിൽ ഇരിക്കാൻ അർഹതയില്ല, അതിന് നിങ്ങൾ യോഗ്യനല്ല! അതിനുള്ള സത്യസന്ധത നിങ്ങൾക്കില്ല' അഭിഭാഷകൻ പറഞ്ഞു.
അഭിഭാഷകൻ രൂക്ഷമായ പ്രതികരണം തുടർന്നതോടെ നടപടികളുടെ ഓഡിയോ-വീഡിയോ സംപ്രേഷണം നിർത്തിവച്ചു. പിന്നീട് അദ്ദേഹത്തെ കോടതിമുറിയിൽ നിന്ന് പുറത്താക്കി. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പ്രക്ഷോഭങ്ങൾക്കിടയിൽ, ഈ അഭിഭാഷകൻ ചീഫ് ജസ്റ്റിസിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിരുന്നതായും, അത് കോടതിയലക്ഷ്യ നടപടികൾക്ക് വഴിവെച്ചിരുന്നതായും ചീഫ് ജസ്റ്റിസ് പിന്നീട് പറയുകയുണ്ടായി.
ചീഫ് ജസ്റ്റിസിനൊപ്പം ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ബാഗ്ചി, ജസ്റ്റിസ് മോഹന എന്നിവരോട് തനിക്ക് ബഹുമാനമുണ്ടെന്നും എന്നാൽ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഈ പദവിക്ക് അർഹനാണെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പദവി ഒഴിയണമെന്നും അഭിഭാഷകൻ വിളിച്ച് പറഞ്ഞു. കോടതിമുറിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകർ, ഇയാൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടതായും ലൈവ് ലോ റിപ്പോർട്ട് ചെയ്തു.
Content Highlights: A lawyer was ousted from the Supreme Court courtroom for making derogatory remarks against Chief Justice Surya Kant., The lawyer demanded urgent hearing for an unlisted matter regarding a contempt of court case., He accused the CJI of lacking integrity and demanded his resignation., Proceedings were temporarily halted, and other advocates demanded strict action against him.