ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ അധിക്ഷേപം: രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ

#ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ്
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് | Photo: ANI
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് | Photo: ANI

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ. ഡൽഹി പോലീസാണ് ലഖ്നൗ സർവകലാശാലയിലെ രണ്ട് നിയമ വിദ്യാർഥികളെ അറസ്റ്റുചെയ്തത്. പ്രഭാൽ പ്രതാപ് സിങ്, ചന്ദർ ഭാൻ എന്നീ നിയമ വിദ്യാർഥികളാണ് അറസ്റ്റിലായത്.

ജൂലായ് 10-നാണ് സുപ്രീംകോടതിയിൽ ജസ്റ്റിസ്മാരായ കെ.വി. വിശ്വനാഥൻ, അലോക് അറാധെ എന്നിവരടങ്ങിയ ബെഞ്ചിന്റെ മുൻപിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്വന്തം കേസിൽ ഹാജരായ പ്രഭാൽ പ്രതാപ് സിങ്, ലഖ്നൗ എ.സി.പി.ക്കെതിരേ എഫ്ഐ.ആർ. രജിസ്റ്റർചെയ്യാൻ ഉത്തരവിടണമെന്ന് സുപ്രീംകോടതിയോട് ഉത്തരവിടുന്നുവെന്ന് ആക്രോശിക്കുകയായിരുന്നു. എന്നാൽ ഇതുകേട്ടതോടെ ‘‘നിങ്ങൾ കോടതിയോട് ഉത്തരവിടുകയാണോ’’ എന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥൻ ചോദിച്ചു. പിന്നാലെ പ്രഭാൽ പ്രതാപ് ചീഫ് ജസ്റ്റിസിനെതിരേ അധിക്ഷേപകരമായ പരാമർശം നടത്തുകയും കൈയിലുണ്ടായിരുന്ന പേപ്പറുകൾ ജഡ്ജിമാർക്ക് നേരെ വലിച്ചെറിയുകയുമായിരുന്നു.

കോടതിയലക്ഷ്യമാണ് പ്രഭാൽ പ്രതാപ് നടത്തിയതെങ്കിലും അദ്ദേഹത്തിനെതിരേ നടപടിയെടുക്കാൻ ജസ്റ്റിസ് കെ.വി. വിശ്വനാഥിന്റെ ബെഞ്ച് തയാറായില്ല. എന്നാൽ, സുപ്രീംകോടതിയിലെ സുരക്ഷാ ജീവനക്കാർ നൽകിയ പരാതിയിൽ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റ്.