ഡ്രൈവര്‍ ജനലിലൂടെ ചാടി, കുര്‍ളയില്‍ ഏഴുപേരുടെ ജീവനെടുത്ത ബസ് അപകടം: CCTVദൃശ്യങ്ങള്‍ പുറത്ത്| VIDEO

മുംബൈ: കുര്‍ളയില്‍ ഏഴുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. ബസ്സിന്റെ ഉള്ളിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബസ് നിരവധി വാഹനങ്ങളെ ഇടിച്ചുകൊണ്ട് അപകടകരമായി പായുമ്പോള്‍ പരിഭ്രാന്തരായി നില്‍ക്കുന്ന യാത്രക്കാരെ ദൃശ്യങ്ങളില്‍ കാണാം. അപകടത്തിന് ശേഷം ഡ്രൈവര്‍ ബസ്സിനകത്തുനിന്ന് രണ്ട് ബാഗുകളുമെടുത്ത് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഒരു മിനുറ്റോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൃഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ (BEST) വൈദ്യുത ബസ്സാണ് അപകടമുണ്ടാക്കിയത്. തിങ്കളാഴ്ച രാത്രി 60 ഓളം വാഹനങ്ങളേയും കാല്‍നടയാത്രക്കാരേയുമാണ് ബസ് ഇടിച്ചത്. പടിഞ്ഞാറന്‍ കുര്‍ളയിലെ തിരക്കേറിയ തെരുവിലാണ് അപകടം നടന്നത്.
ബസ് അപകടകരമായി പായുമ്പോള്‍ മുറുകെ പിടിച്ച് നില്‍ക്കുന്ന യാത്രക്കാരെ സി.സി.ടി.വി. ദൃശ്യത്തില്‍ കാണാം. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പരിഭ്രാന്തരായി സീറ്റില്‍ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് നോക്കുന്നതും വീഡിയോയിലുണ്ട്. അപകടത്തിന് ശേഷം യാത്രക്കാര്‍ പൊട്ടിയ ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടുന്നതും കാണാം.
മറ്റൊരു വീഡിയോയിലാണ് അപകടത്തിന് ശേഷമുള്ള ഡ്രൈവറുടേയും കണ്ടക്ടറുടേയും ദൃശ്യമുള്ളത്. കണ്ടക്ടര്‍ പിറകിലെ വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോള്‍ ഡ്രൈവര്‍ രണ്ട് ബാഗുകളുമെടുത്ത് പൊട്ടിയ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ സഞ്ജയ് മോറെ പോലീസിന്റെ കസ്റ്റഡിയിലാണ്.
Content Highlights: BEST Bus Driver Seen Collecting Backpacks, Jumping Out Of Window After Kurla Crash | Video