മണിപ്പുരില്‍ സമാധാനം സ്ഥാപിക്കണം; ദേശീയപാത വീണ്ടും തുറക്കാന്‍ സമ്മതിച്ച് കുക്കികള്‍

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി കേന്ദ്രവും മണിപ്പുര്‍ സര്‍ക്കാരും കുക്കി-സോ ഗ്രൂപ്പുകളുമായി പുതിയ കരാറില്‍ ഒപ്പുവെച്ചു. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍നടന്ന ചര്‍ച്ചകള്‍ക്കിടെയാണ് പുതിയ കരാറില്‍ ഒപ്പുവെച്ചത്. ദേശീയപാത-2 വീണ്ടും തുറക്കുക എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള പ്രധാന നീക്കമാണിത്. 2023 മേയ് മാസത്തില്‍ മെയ്തികളും കുക്കികളും തമ്മിലുള്ള ഏറ്റുമുട്ടലിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മണിപ്പുരിലെത്താന്‍ പോകുന്നത്. കലാപത്തിനു പിന്നാലെ മെയ്തികള്‍ക്ക് കുക്കികള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാന്‍ സുരക്ഷാ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കുക്കി-സോ കൗണ്‍സില്‍ (കെസെഡ്സി) പ്രതിജ്ഞയെടുത്തു. ആഭ്യന്തര മന്ത്രാലയവും കെസെഡ്സി പ്രതിനിധികളും തമ്മിലുള്ള നിരവധി യോഗങ്ങൾക്കു പിന്നാലെയാണ് ഈ തീരുമാനം.
മണിപ്പൂരിലൂടെ കടന്നുപോകുന്ന ദേശീയ പാത-2, യാത്രക്കാരുടെയും അവശ്യ വസ്തുക്കളുടെയും സ്വതന്ത്ര സഞ്ചാരത്തിനായി തുറക്കാന്‍ കുക്കി-സോ കൗണ്‍സില്‍ തീരുമാനിച്ചു. ദേശീയ പാതയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്ന സുരക്ഷാസേനയുമായി സഹകരിക്കാന്‍ കൗണ്‍സില്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുക്കി നാഷണല്‍ ഓര്‍ഗനൈസേഷനും യുണൈറ്റഡ് പീപ്പിള്‍സ് ഫ്രണ്ടും തങ്ങളുടെ ഏഴ് ക്യാമ്പുകള്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് മാറ്റി സ്ഥാപിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല, നിയുക്ത ക്യാമ്പുകളുടെ എണ്ണം കുറയ്ക്കാനും ആയുധങ്ങള്‍ അടുത്തുള്ള സിആര്‍പിഎഫ് അല്ലെങ്കില്‍ ബിഎസ്എഫ് ക്യാമ്പുകളിലേക്ക് മാറ്റാനും പുതിയ കരാറില്‍ വ്യവസ്ഥയുണ്ട്.
Content Highlights: Kuki groups agree to reopen National Highway 2 in Manipur after talks with the Centre