ഗുജറാത്തി യുവതിക്ക് സ്വയം മാംഗല്യം; ആഘോഷമാക്കി ക്ഷമയും കുടുംബവും

ക്ഷമ ബിന്ദു വിവാഹ വസ്ത്രവുമായി
ക്ഷമ ബിന്ദു വിവാഹ വസ്ത്രവുമായി

''ഒടുവില്‍ ഞാനും സുമംഗലിയായി. ഒരുപാട് സന്തോഷം തോന്നുന്നു.'' നെറ്റിയില്‍ സിന്ദൂരവും കഴുത്തില്‍ താലിയുമായി വിവാഹവസ്ത്രത്തില്‍ തിളങ്ങിനിന്ന 24-കാരി ഗുജറാത്തി യുവതി ക്ഷമ ബിന്ദുവിന്റെ വാക്കുകളാണിത്. ഇന്ത്യയില്‍ ആദ്യമായി ആഘോഷത്തോടെ സ്വയം വിവാഹം കഴിച്ച യുവതിയാണ് ക്ഷമ. 

ജൂണ്‍ 11-നായിരുന്നു ക്ഷേമയുടെ വിവാഹം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിവാഹ വാര്‍ത്ത പരക്കുകയും വിവാദമാവുകയും ചെയ്തതോടെ വിവാഹം നേരത്തയാക്കി ബുധനാഴ്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ക്ഷേത്രത്തില്‍വെച്ച് വിവാഹം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് നടത്താന്‍ സമ്മതിക്കില്ലെന്ന് ബി.ജെ.പി. നേതാക്കളില്‍ ചിലര്‍ പറഞ്ഞിരുന്നു. 

കല്യാണത്തിന് മുമ്പ് ഹല്‍ദി, മെഹന്തി ചടങ്ങുകളെല്ലാം കുടുംബാംഗങ്ങളും അയല്‍വാസികളും സുഹൃത്തുക്കളും ചേര്‍ന്ന് ഉത്സവമാക്കി. 40 മിനിട്ട് നീണ്ടുനിന്ന വിവാഹച്ചടങ്ങാണ് നടന്നത്. കല്യാണച്ചെറുക്കനും പൂജാരിയും ഇല്ല എന്നതൊഴിച്ചാല്‍ ആചാരപ്രകാരമുള്ള അനുഷ്ഠാനങ്ങളൊക്കെയും വീട്ടില്‍വെച്ചുനടത്തിയ വിവാഹത്തിനുണ്ടായിരുന്നു. അഗ്നിയും ഏഴുതവണ വലംവെക്കലും എല്ലാം നടന്നു. ജീവിതത്തിന്റെ ഈ നിമിഷം മുതല്‍ മരണം വരെ കൂടെയുണ്ടാകുമെന്ന് പ്രതിജ്ഞയെടുക്കുമ്പോള്‍ ക്ഷേമയുടെ കൂട്ടുകാര്‍ വധുവിന് നേരെ പൂ വിതറി. വിവാഹം കഴിഞ്ഞാല്‍ മറ്റു വധുക്കളെപ്പോലെ സ്വന്തം വീട്ടില്‍നിന്നും പോകണമെന്ന ആചാരം ഇല്ല എന്നതും ക്ഷേമയുടെ സന്തോഷത്തിന്റെ ഭാഗമാണ്. 
 

Content Highlights: kshama Bindu gets married to self