'തെളിവ് നശിപ്പിക്കുക മാത്രമാണ് മമത ചെയ്തത്'; രൂക്ഷവിമർശവുമായി കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്

കൊൽക്കത്ത: ആർ.ജി. കർ മെഡിക്കൽ കോളേജ് ബലാത്സംഗക്കൊലക്കേസിൽ പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ വിധിച്ചതിൽ അതൃപ്തി അറിയിച്ച് കൊല്ലപ്പെട്ട യുവതിയുടെ പിതാവ്. മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരേയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. മമത തിടുക്കപ്പെട്ട് ഒന്നും ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓർഡർ പരിശോധിച്ചതിന് ശേഷം ആവശ്യമായ തീരുമാനമെടുക്കുമെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. മമതാ ബാനർജി തിടുക്കപ്പെട്ട് ഒന്നുംചെയ്യേണ്ടതില്ല, ഇന്നേവരെ അവർ ചെയ്ത കാര്യങ്ങളൊന്നും ഇനി മുന്നോട്ട് ചെയ്യരുത്. കൃത്യമായ തെളിവ് നൽകാൻ സി.ബി.ഐക്ക് സാധിക്കാത്തതിനാലാണ് പ്രതിക്ക് ജീവപര്യന്തം തടവ് മാത്രം ലഭിച്ചത്. മമതയ്ക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. എന്നാൽ, തെളിവ് നശിപ്പിക്കുക മാത്രമാണ് അവർ ചെയ്തത്. അന്നത്തെ കമ്മിഷണറും മറ്റുള്ളവരും ചേർന്ന് തെളിവിൽ കൃത്രിമം കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു.
വിധിയിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി മമതാ ബാനർജി തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു. വധശിക്ഷയായിരുന്നെങ്കിൽ മനസ്സിന് ആശ്വാസം ലഭിച്ചേനെ, കേസന്വേഷണം ഞങ്ങളിൽനിന്ന് തട്ടിയെടുക്കപ്പെടുകയായിരുന്നു. കൊൽക്കത്ത പോലീസ് അന്വേഷിച്ചിരുന്നെങ്കിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കും വിധം നീങ്ങിയേനെ. ഈ കേസിന്റെ അന്വേഷണം എങ്ങനെ മുന്നോട്ടുപോയെന്ന് എനിക്കറിയില്ല. എങ്കിലും ബലാത്സംഗക്കേസുകളിലെ നരാധമൻമാർക്ക് പരമാവധി ശിക്ഷ കിട്ടണമെന്നുതന്നെയാണ് ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: Kolkata Rape Case: Fathers Disappointment, Mamata Banerjee Criticized